കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവിൽ വെച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി അന്വേഷണസംഘം. ഇതിന്റെ ഭാഗമായി പോലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ജില്ലാ കോടതിയിലാണ് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകുക.
താഹ ഫസലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത, മാവോയിസ്റ്റ് ബന്ധത്തിന്റെ സൂചനകളുണ്ടെന്ന് പോലീസ് ആരോപിക്കുന്ന ലാപ്‌ടോപ്പ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവ പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ചോദ്യം ചെയ്യൽ.
അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇരുവർക്കും ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിലും റിപ്പോർട്ട് നൽകും. അതേസമയം, അലനെയും താഹയെയും സിപിഎമ്മിൽ നിന്ന് പുറത്താക്കിയേക്കുമെന്നും സൂചനകളുണ്ട്. അലനും താഹയും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
Discussion about this post