കൊച്ചി: കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിന് എതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ബെന്നി ബഹനാൻ എംപിയും വിപി സജീന്ദ്രൻ എംഎൽഎയും ഉപവാസം ആരംഭിച്ചു. 12 മണിക്കൂറാണ് ഉപവാസം. കൊച്ചി അമ്പലമുകൾ കമ്പനി ഗേറ്റ് പടിക്കലാണ് ഉപവാസം.
രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പൊതുമേഖലാ കമ്പനി പൂർണ്ണമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് ബെന്നി ബഹനാൻ പറഞ്ഞു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ഉപവാസ സമരം രാവിലെ 10 മണിക്ക് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, ഐക്യ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ ഉപവാസത്തിൽ പങ്കെടുക്കുന്നുണ്ട്. നേതാക്കൾക്ക് പിന്തുണയുമായി വിവിധ ഭാഗങ്ങളിൽ നിന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കാളികളാകും.
Discussion about this post