കോട്ടയത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കുരിശടികൾ തകർത്ത നിലയിൽ; പിന്നിൽ സഭാ തർക്കമെന്ന് സംശയം

കോട്ടയം: കോട്ടയത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ പ്രധാനപ്പെട്ട രണ്ട് തീർത്ഥാടനകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം. ജില്ലയിൽ ഓർത്തഡോക്സ് വിഭാഗത്തിന്റെ രണ്ട് കുരിശടികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഓർത്തഡോക്സ് വിഭാഗത്തിന്റെ ആസ്ഥാനമായ ദേവലോകം അരമനയുടെ സമീപത്തെ കുരിശടിക്ക് നേരേയും അമയന്നൂർ തൂത്തൂട്ടി ഗ്രിഗോറിയസ് ചാപ്പലിന് നേരേയുമാണ് കല്ലേറുണ്ടായത്.

ഞായറാഴ്ച അർധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ കുരിശടിയുടെ ചില്ലുകൾ തകർന്നു. ദേവലോകം അരമനയ്ക്ക് സമീപം വളവിലായി സ്ഥിതിചെയ്യുന്ന കുരിശടിക്ക് നേരേയാണ് ആദ്യം ആക്രമണമുണ്ടായത്. ഇതിനുപിന്നാലെയാണ് അമയന്നൂരിലെ ഗ്രിഗോറിയസ് ചാപ്പലിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ പരുമല തിരുമേനിയുടെ ചിത്രത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ചില്ലുവാതിലുകളും തകർന്നു.

ആക്രമണത്തിന് പിന്നിൽ സാമൂഹികവിരുദ്ധരാണെന്നാണ് പോലീസിന്റെ സംശയം. അതേസമയം, ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന സമയമായതിനാൽ ഇതുമായി ബന്ധമുണ്ടോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version