അന്ന് പട്ടാള വേഷമണിഞ്ഞു; ഇന്ന് ചെരിപ്പുകുത്തിയായി ജീവിക്കുന്നു; ജീവിതത്തോട് തോല്‍ക്കാത്ത മുന്‍സൈനികന്റെ കഥ ഇങ്ങനെ

ശ്രീലങ്കയെ വിറപ്പിച്ച തമിഴ് പുലികളെ നേരിടാന്‍ പോയ പട്ടാളക്കാരിലൊരാളായിരുന്നു മലപ്പുറം കൂട്ടിലങ്ങാടി നല്ലൂര്‍ വീട്ടില്‍ ശിവപ്രകാശ്. എന്നാല്‍ മലപ്പുറം നഗരത്തിലെ പലര്‍ക്കും അറിയാത്ത ഒരു കഥയുണ്ട് ശിവപ്രകാശിന് പറയാന്‍.

മലപ്പുറം: ശ്രീലങ്കയെ വിറപ്പിച്ച തമിഴ് പുലികളെ നേരിടാന്‍ പോയ പട്ടാളക്കാരിലൊരാളായിരുന്നു മലപ്പുറം കൂട്ടിലങ്ങാടി നല്ലൂര്‍ വീട്ടില്‍ ശിവപ്രകാശ്. എന്നാല്‍ മലപ്പുറം നഗരത്തിലെ പലര്‍ക്കും അറിയാത്ത ഒരു കഥയുണ്ട് ശിവപ്രകാശിന് പറയാന്‍.

കഥ വേറൊന്നുമല്ല…

അന്ന് പട്ടാള വേഷമണിഞ്ഞ ശിവപ്രകാശ് ഇന്ന് ചെരിപ്പുകുത്തിയായി മലപ്പുറം നഗരത്തില്‍ ജീവിക്കുന്നു. പോരാളികളോട് തോറ്റിട്ടില്ലാത്ത താന്‍ ജീവിതത്തോടും തോല്‍ക്കില്ലെന്ന ഉറച്ച ആത്മവിശ്വാസമാണ് താന്‍ പഠിച്ച സ്‌കൂളിനു മുന്നില്‍ത്തന്നെ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ഒരു ചെരിപ്പുകുത്തിയായി തുടര്‍ന്നും ജീവിക്കാന്‍ ശിവപ്രകാശിന് കരുത്തേകുന്നത്.

സെന്റ് ജെമ്മാസ് ഹൈസ്‌കൂളില്‍ പത്താംക്ലാസ് വരെ പഠിച്ചു. വീട്ടിലെ സാഹചര്യം കൊണ്ട് പണിക്കിറങ്ങേണ്ടിവന്നു. പതിനഞ്ചാം വയസ്സില്‍ ജ്യേഷ്ഠനോടൊപ്പം പണിചെയ്തു തുടങ്ങിയതാണ് ശിവപ്രകാശ്. ചെരിപ്പും കുടയും നന്നാക്കുന്ന പണിതന്നെ കുറേക്കാലം ചെയ്തു.

അതിനിടയ്ക്കാണ് കണ്ണൂരില്‍ പട്ടാളക്യാമ്പില്‍ മദ്രാസ് റെജിമെന്റിലേക്ക് ആളെ എടുക്കുന്ന വിവരമറിഞ്ഞത്. അങ്ങനെ 1981-ല്‍, പതിനേഴാം വയസ്സില്‍ പട്ടാളവേഷമണിഞ്ഞു. ഡല്‍ഹി, വിശാഖപട്ടണം, ഊട്ടി, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം ജോലിചെയ്തു. പുലികളുടെ പ്രശ്നം രൂക്ഷമായ ശ്രീലങ്കയിലേക്ക് ഇന്ത്യ അയച്ച സമാധാനസേനയുടെ കൂട്ടത്തില്‍ റൈഫിള്‍മാനായി ശിവപ്രകാശും ഉണ്ടായിരുന്നു.

മദ്രാസില്‍ നിന്ന് ടിപ്പുസുല്‍ത്താന്‍ എന്ന കപ്പലില്‍ ഒന്നരദിവസത്തെ യാത്രയ്ക്കുശേഷം കിങ്കേശ്വരന്‍തുറൈ എന്ന സ്ഥലത്തിറങ്ങി. അവിടെ തങ്ങാന്‍ ഒരു ചെറിയ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അസഹ്യമായ ദുര്‍ഗന്ധംകാരണം നോക്കിയപ്പോള്‍ കണ്ടത് ഏതോ മനുഷ്യന്റെ മുറിഞ്ഞുപോയ കൈയാണ്.

ഒട്ടേറേ ഏറ്റുമുട്ടലുകള്‍, തകര്‍ന്ന വീടുകള്‍, സ്‌കൂളുകള്‍, ഭീതിനിറഞ്ഞ ജീവിതങ്ങള്‍, പട്ടിണി, കൊച്ചു കുട്ടികളുടെയടക്കം മൃതദേഹങ്ങള്‍. ആറുമാസമേ ശിവപ്രകാശ് അവിടെ ഉണ്ടായിരുന്നുള്ളുവെങ്കിലും അവിടുത്തെ ജീവിതം ദുരിതമേറിയതായിരുന്നു.

പിന്നെ അധികകാലം പട്ടാളത്തില്‍ നിന്നില്ല. അവിടെനിന്ന് മുങ്ങി. എന്നാല്‍ വൈകാതെ പട്ടാളക്കാര്‍ വീട്ടിലെത്തി. വീട്ടില്‍ ആരുമില്ലെന്നും രക്ഷിതാക്കളെ നോക്കേണ്ടതുണ്ടെന്നും പറഞ്ഞ് തത്കാലം രക്ഷപ്പെട്ടു. പിന്നെ പഴയ കൈത്തൊഴിലിലേക്ക് തിരിഞ്ഞു.

ഭാര്യയും രണ്ടുമക്കളുമുള്ള കുടുംബത്തോടൊപ്പം വാടകവീട്ടിലാണ് ശിവപ്രകാശിന്റെ താമസം. സര്‍വീസ് പാതിപോലും ആകാത്തതിനാല്‍ പെന്‍ഷനടക്കം ഒരു ആനുകൂല്യങ്ങളുമില്ല. മകളുടെ കല്യാണം കഴിഞ്ഞു. രണ്ടാണ്‍മക്കളിലൊരാള്‍ ബസ്സില്‍ ജോലിചെയ്യുന്നു. മറ്റേയാള്‍ പെയിന്റിങും.

Exit mobile version