അന്യമതസ്ഥനെ വിവാഹം കഴിച്ചു, യുവതിയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി ഭ്രാന്താശുപത്രിയിലാക്കി; രക്ഷയായത് കോടതിയുടെ ഇടപെടല്‍

വിവേക് മതം മാറിയാല്‍ നസ്ലിയെ വിവാഹം കഴിച്ച് നല്‍കാമെന്ന് ഉമ്മയും അമ്മാവനും പറഞ്ഞിരുന്നെങ്കിലും നസ്ലിയോ വിവേകോ ഇതിന് തയ്യാറായില്ല

കോഴിക്കോട്: അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി ഭ്രാന്താശുപത്രിയിലാക്കി. ഒടുവില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിക്ക് രക്ഷയായത് കോടതി. കഴിഞ്ഞ ജൂലൈ 12 ന് ഹിന്ദു ആചാര പ്രകാരം കോഴിക്കോട് വൈരാഗി മഠത്തിലായിരുന്നു വിവേകിന്റെയും നസ്ലിയുടെയും വിവാഹം.

ഈ മാസം 14ാം തീയ്യതി വിവേക് നസ്ലീയെ കോളേജില്‍ കൊണ്ടുവിട്ടതിനു തൊട്ടുപിന്നാലെ യുവതിയുടെ അമ്മയും സഹോദരിയും അമ്മാവനും കൂടി തട്ടിക്കൊണ്ടു പോകുകയായിരുന്നു. എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ യുവതിയെ ഇവര്‍ തമിഴ്‌നാട്ടിലെ ഏര്‍വാഡിയിലെ മുസ്ലിം പണ്ഡിതന്മാര്‍ നടത്തുന്ന മാനസീകാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു.

ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് വിവേക് കേസ് നല്‍കിയതോടെ ഉമ്മയ്ക്കും അമ്മാവനും നസ്ലിയെ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് കോടതിയിലും ഹാജരാക്കേണ്ടി വന്നു. കോടതി ആരോടൊപ്പം പോകണമെന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവിനൊപ്പം എന്ന് നസ്ലി ഉത്തരം നല്‍കി. അതോടൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചു. തുടര്‍ന്ന് കോടതി നസ്ലിയെ വിവേകിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.

വിവേക് മതം മാറിയാല്‍ നസ്ലിയെ വിവാഹം കഴിച്ച് നല്‍കാമെന്ന് ഉമ്മയും അമ്മാവനും പറഞ്ഞിരുന്നെങ്കിലും നസ്ലിയോ വിവേകോ ഇതിന് തയ്യാറായില്ല.

Exit mobile version