ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരന്റെ സ്വര്‍ണ്ണമാലയാണ് യുവതി മോഷ്ടിച്ചത്. കൈക്കുഞ്ഞുമായാണ് യുവതി അറസ്റ്റിലായത്. റിമാന്‍ഡിലായ യുവതിക്കൊപ്പം 11 മാസം പ്രായമായ കൈകുഞ്ഞിനെയും ജയിലിലേക്ക് അയച്ചു.
ലക്കിടിമംഗലം സ്വദേശിയുടെ കുട്ടിയുടെ ഒരു പവന് മാല മോഷ്ടിച്ച കേസില്‍ സൗത്ത് പനമണ്ണ സ്വദേശി നസീറയെയാണ് അറസ്റ്റിലായത്. പ്രതിയുടെ 11 മാസം പ്രായമുള്ള കുഞ്ഞും മോഷണത്തിനിരയായ ഒന്നര വയസ്സുകാരനും കുട്ടികളുടെ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണു മാല കാണാതായെന്ന പരാതിയുമായി ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്.
ഇവര്‍ കുറ്റം സമ്മതിച്ചെന്നു പോലീസ് അറിയിച്ചു. മാല ശുചിമുറിയില്‍ ഉപേക്ഷിച്ചെന്നും നസീറ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ നസീറയെ മലമ്പുഴയിലെ ജയിലിലേക്കു റിമാന്‍ഡ് ചെയ്തു. അമ്മയുടെ സംരക്ഷണം ആവശ്യമുള്ളതു കൊണ്ടാണ് കുഞ്ഞിനെയും കൂടെ വിട്ടത്.
Discussion about this post