കോഴിക്കോട്: അയോധ്യാ തര്‍ക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധി ദുഃഖകരവും നിരാശാജനകവുമാണെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങള് പ്രസ്താവനയിലൂടെ അറിയിച്ചു.
എന്നാല്‍ സമാധാനവും സൗഹാര്‍ദ്ദവും തകരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാരും വിധി ദുഃഖകരമാണെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
തികച്ചും വേദനാജനകവും ദുഃഖകരവുമാണ് ബാബരി വിധിയെന്ന് നേരത്തെ ജമാഅത്തെ ഇസ്ലാമിയും പ്രതികരിച്ചിരുന്നു. സുപ്രീംകോടതി വിധി മാനിക്കണമെന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അമീര്‍ എംഐ അബ്ദുള്‍ അസീസ് വ്യക്തമാക്കി.
കോടതി വിധി മാനിക്കുന്നതായും നിയമപരമായും ജനാധിപത്യപരമായും, കഴിയുന്നത് സുന്നി വഖഫ് ബോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അമീര്‍ എംഐ അബ്ദുള്‍ അസീസ് പറഞ്ഞു. സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും വ്യക്തമാക്കി.
രാജ്യത്ത് സമാധാനം വേണമെന്നും അതിനാല്‍ വിജയിച്ചവര്‍ ആഹ്ലാദിക്കുകയും പരാജയപ്പെട്ടവര്‍ അവിവേകം കാണിക്കുകയും ചെയ്യരുതെന്നും ജയ പരാജയത്തിന് മുകളിലാണ് രാജ്യത്തിന്റെ അഖണ്ഡതയെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു.
Discussion about this post