സൂക്ഷിച്ച മൃതദേഹം അരവിന്ദന്റേതല്ല, ശ്രീനിവാസന്റേതെന്ന് ബന്ധുക്കൾ; ഡിഎൻഎ പരിശോധനയ്ക്ക് പോലീസ്

തൃശ്ശൂർ: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളിൽ ഒരാൾ ചെന്നൈ സ്വദേശി ശ്രീനിവാസനെന്ന് ബന്ധുക്കൾ. മൃതദേഹം ഇവർ തിരിച്ചറിഞ്ഞു. ചെന്നൈയിൽ നിന്നെത്തിയ സഹോദരങ്ങളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മാവോയിസ്റ്റ് അരവിന്ദൻ എന്ന പേരിൽ പോലീസ് സൂക്ഷിച്ച മൃതദേഹമാണ് ശ്രീനിവാസന്റേതെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്.

എട്ട് വർഷം മുൻപ് വീടും നാടും ഉപേക്ഷിച്ച് പോയ ശ്രീനിവാസനെ കുറിച്ച് ബന്ധുക്കൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ല. ചെന്നൈയിൽ സിപിഎം പ്രവർത്തകനായിരുന്നു ഇയാളെന്നാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

അതേസമയം, മൃതദേഹം ശ്രീനിവാസന്റേത് തന്നെയാണെന്ന് ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ഇതിനായി ഡിഎൻഎ പരിശോധന നടത്താനാണ് പോലീസ് നീക്കം. ഇതിനായി സഹോദരങ്ങളെന്ന് തിരിച്ചറിഞ്ഞ രണ്ടുപേരുടെ രക്തവും പോലീസ് ശേഖരിച്ചു.

Exit mobile version