തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ പോലീസും മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപക് ( ചന്ദു ) പിടിയിലായി. ആനക്കട്ടിയില്‍ വെച്ചാണ് മാവോയിസ്റ്റ് നേതാവ് ദീപകിനെ പിടികൂടിയത്. തമിഴ്നാട് സ്പെഷല്‍ ടാസ്ക് ഫോഴ്സ് ആണ് ദീപകിനെ പിടികൂടിയത്. ദീപകിനൊപ്പം മറ്റൊരാള്‍ കൂടി പ്രത്യേക സംഘത്തിന്റെ പിടിയിലായതായി സൂചനയുണ്ട്.
ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് മാവോയിസ്റ്റുകള്‍ക്ക് ആയുധ പരിശീലനം നല്കുന്നതില് പ്രധാനിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എകെ-47 തോക്കുപയോഗിച്ച് വനത്തിനുള്ളില്‍ ദീപക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടിരുന്നു. മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത പെന്‍ ഡ്രൈവിലാണ് ദീപക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നത്.
പാലക്കാട് മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ദീപക് രക്ഷപെട്ടത്. വെടിവെയ്പ്പില്‍ നാല് പേര് കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് നേതാവ് മണിവാസകം അടക്കം മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.
Discussion about this post