മലപ്പുറം: അയോധ്യാ കേസില്‍ നിര്‍ണായകമായ വിധിപ്രസ്താവം തുടങ്ങിയ പശ്ചാതലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പടുത്തിയിട്ടുണ്ടെന്ന് മലപ്പുറം എസ്പി അറിയിച്ചു. മുന്‍പ് കമ്യൂണല്‍ കേസുകളില്‍പ്പെട്ട ആളുകളെയും നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മലപ്പുറം എസ്പി യു അബ്ദുള്‍ കരീം പറഞ്ഞു.
വിധിയുടെ പശ്ചാതലത്തില്‍ സംസ്ഥാനത്ത് കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്.
മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്, ചന്ദേര സ്റ്റേഷന്‍ പരിധികളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നവംബര്‍ 11-ാം തീയതി വരെയാണ് ഈ സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ നാലില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്.
അതേസമയം അയോധ്യ കേസ് വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും വിവിധ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍മാര്‍ അഭ്യര്‍ത്ഥനയുമായി വന്നത്.
Discussion about this post