കണ്ണൂര്‍: അയോധ്യ വിധി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നേതാക്കളുടെ സര്‍വകക്ഷി യോഗം. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍വ കക്ഷിയോഗം ചേര്‍ന്നത്. സിപിഎമ്മിന് വേണ്ടി എംവി ജയരാജനും കോണ്‍ഗ്രസിന് വേണ്ടി സതീശന് പാച്ചേനിയും ബിജെപി പ്രതിനിധിയായി പി സത്യപ്രകാശ് എന്നിവരാണ് സര്‍വ കക്ഷിയോഗത്തില്‍ പങ്കെടുത്തത്.
സമാധാനം പാലിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് എന്നാണ് യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞത്. അതേസമയം വിധിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
കാസര്‍കോടും പോലീസ് കനത്ത നിരീക്ഷണം തുടരുകയാണ്. പ്രശ്നബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലാണ് നിരോധനാജ്ഞ.
അതേസമയം, അയോധ്യാ കേസിലെ വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തില്‍ മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന് നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നല്‍കിയതായി അധികൃതര്‍ അറിയിച്ചു