തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് തീവ്രമായതോടെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് സംസ്ഥാനത്ത് നിലവില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും ഞായറാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് തുടങ്ങിയ ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡീഷയുടെ തീരത്ത് നിന്നും 310 മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ നിലക്കൊള്ളുന്നത്. മണിക്കൂറില്‍ 160 കിമീ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്കിട്ടുണ്ട്. അതേസമയം ബംഗാള്‍ തീരം തൊടുമ്പോഴേക്കും ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കണക്കാക്കുന്നത്.