തിരുവനന്തപുരം: സുപ്രധാനമായ അയോധ്യാ കേസിലെ വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തിൽ മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നൽകിയതായി അധികൃതർ അറിയിച്ചു.
സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണെന്നും ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. വിദ്വേഷ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.