കാസർകോട്: പ്രമാദമായ അയോധ്യ കേസ് വിധി ശനിയാഴ്ച പത്തരയോടെ പ്രസ്താവിക്കാനിരിക്കെ കേരളത്തിലും കനത്ത ജാഗ്രതാ നിർദേശങ്ങൾ. മുൻകരുതൽ എന്ന നിലയിൽ കാസർകോട് ചില മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞയുള്ളത്.
മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, ചന്ദേര എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. 11-ാം തീയതി വരെ നിരോധനാജ്ഞ തുടരും. അയോധ്യ വിധി ശനിയാഴ്ച വരാനിരിക്കേ, കേരളത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. ഡിജിപിയും ഗവർണറെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ചും സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും ഡിജിപി ഗവർണറെ അറിയിച്ചു.
ഡിജിപി സംസ്ഥാനത്തെ എസ്പിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തി. എസ്പിമാർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. സംസ്ഥാനത്തും നവ മാധ്യമങ്ങൾ നിരീക്ഷണ വിധേയമായിരിക്കും. കരുതൽ തടങ്കലുകൾക്കും നിർദേശമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധന നടത്തും. അയോധ്യ കേസിൽ സുപ്രീംകോടതിയുടെ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തിട്ടുണ്ട്. വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയ്യാറാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അയോധ്യ കേസിൽ ശനിയാഴ്ച വിധി പറയുക.
Discussion about this post