തൃശ്ശൂര്‍: തിരക്കേറിയ ട്രെയിനില്‍ ഇരിക്കാന്‍ ഇടമില്ലാതെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നുകൊണ്ട് തന്റെ പുസ്തകം വായിക്കുന്ന ആരാധകനെ തേടി എഴുത്തുകാരന് സുഭാഷ് ചന്ദ്രന്. ചിത്രം പങ്കുവച്ച് ഈ മനുഷ്യനെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് സുഭാഷ് ചന്ദ്രന്റെ കുറിപ്പ്. തിരക്കുള്ള വണ്ടിയില്‍, ഇരിക്കാന്‍ ഇടമില്ലാത്ത നേരത്തും ഇദ്ദേഹത്തിനു ഞാനുണ്ടല്ലോ ഒപ്പമുണ്ടെന്നും സുഭാഷ് ചന്ദ്രന് കുറിച്ചു.
”ഈ മനുഷ്യനെ എനിക്കു നേരിൽ കാണാൻ മോഹം!
മഹാനായ കവി എൻ. എൻ. കക്കാടിന്റെ മകൻ ശ്രീ ശ്യാംകുമാർ ഇന്നെനിക്ക് അയച്ചുതന്ന ചിത്രമാണിത്. വൈകുന്നേരത്തെ ട്രയിൻ യാത്രയിൽ ജനറൽ കമ്പാർട്മെന്റിലെ തിരക്കിൽ നിന്ന് അദ്ദേഹം പകർത്തിയത്. അജ്ഞാതനായ ആ വായനക്കാരന്റെ കയ്യിൽ ഞാനാണ്! മുപ്പതു വർഷങ്ങൾകൊണ്ട് ഞാനെഴുതിവച്ച 28 കഥകൾ!
ഈ കാഴ്ച എനിക്കുനൽകുന്ന ആനന്ദം ചെറുതായിരിക്കുകയില്ലെന്ന് മനസ്സിലാക്കാൻ ഒരു കവിയുടെ പുത്രനേ സാധിക്കൂ.
പ്രിയപ്പെട്ട എന്റെ വായനക്കാരാ, ആരെങ്കിലും ഈ സന്ദേശം ഷെയർ ചെയ്ത് താങ്കളിലേക്കെത്തട്ടെ എന്നു ഞാൻ പ്രാർത്തിക്കുന്നു. അങ്ങനെ എത്തിയാൽ ഇനിയുള്ള വാചകം താങ്കൾക്ക് വേണ്ടി മാത്രമുള്ളതാണ്:”പ്രിയപ്പെട്ട സഹോദരാ, നേരിൽ കാണുമ്പോൾ തരാൻ ദാ ഇന്നിറങ്ങിയ സമുദ്രശിലയുടെ പതിനാറാം പതിപ്പിലെ ആദ്യകോപ്പി ഞാനിതാ താങ്കൾക്കായി ഹൃദയത്തിനാൽ ഒപ്പിട്ടുവച്ചിരിക്കുന്നു!”
Discussion about this post