മാവേലിക്കര: 83.88 ലക്ഷം രൂപയുള്ള കാർ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാൻ ചെലവാക്കിയത് കാറിനേക്കാൾ ഉയർന്ന തുക. മാവേലിക്കരയിൽ ഡോ. പ്രശാന്തിന്റെ 83.88 ലക്ഷം രൂപ വിലയുള്ള പോർഷേ 718 ബോക്സ്റ്റർ സ്പോർട്സ് കാറാണ് നികുതിയും ഇൻഷുറൻസ് തുകയും ഇറക്കുമതി ചാർജും ഉൾപ്പടെ 1.4 കോടി രൂപ അടച്ച് മാവേലിക്കരയിൽ രജിസ്റ്റർ ചെയ്തത്. കാറിന്റെ നികുതിയായി മാത്രം 17.61 ലക്ഷം രൂപ അടച്ചു.
തട്ടാരമ്പലം വിഎസ്എം ആശുപത്രി പാർട്ണർ കൂടിയായ ഡോ.വിവി പ്രശാന്ത് ഈ ജർമ്മൻ നിർമിത കൺവർട്ടബിൾ സ്പോർട്സ് കാറിനായി കെഎൽ-31-പി-1111 എന്ന ഫാൻസി നമ്പർ സ്വന്തമാക്കാൻ മാത്രം 25,000 രൂപയും നൽകി.
അതേസമയം, മാവേലിക്കര ജോയിന്റ് ആർടി ഓഫിസിൽ ആദ്യമായാണു പോർഷെ കാർ റജിസ്റ്റർ ചെയ്യുന്നതെന്നു ജോയിന്റ് ആർടിഒ എച്ച് അൻസാരി പറഞ്ഞു.
കൺവർട്ടബിൾ സ്പോർട്സ് കാറിൽ 2 പേർക്കു സഞ്ചരിക്കാം. 6500 ആർപിഎമ്മിൽ 300 കുതിരശക്തി വേഗം കൈവരിക്കാൻ കഴിയുന്ന വാഹനത്തിനു പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 4.9 സെക്കന്റ് സമയം മതി. പരമാവധി വേഗം മണിക്കൂറിൽ 275 കിലോമീറ്റർ ആണ്.
Discussion about this post