കൊച്ചി: കുതിരാനില്‍ ഗാതാഗത കുരുക്ക് അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടപ്പെട്ട് ജി സുധാകരന്. തുരങ്കം തുറക്കാത്ത സാഹചര്യത്തില്‍ അതിരൂക്ഷമായ ഗതാഗത കുരുക്കില്‍ വലയുകയാണ് യാത്രക്കാര്‍. പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സ്ഥലത്തെ എംപിമാര്‍ ഇടപെടണമെന്നും കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയിലോ നിവേദനങ്ങളിലോ കുതിരാന്‍ വിഷയം ഉള്‍പ്പെടുത്തണമെന്നും ജി സുധാകരന് പറഞ്ഞു. ഗതാഗത കുരിക്ക് പരിഹരിക്കാന്‍ ഒരു തുരങ്കമെങ്കിലും തുറക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നിരവധി തവണ കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ല.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കുതിരാന്‍ വിഷയവുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ സംസ്ഥാന സര്‍ക്കാരിന് നേരെയാണ് ചിലര്‍ തിരിച്ചുവിടുന്നത്. എന്നാല്‍ എന്എച്ച്എഐയുടേയും കരാര്‍ കമ്പനിയുടേയും വാഗ്ദാന ലംഘനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നും മന്ത്രി ജി സുധാകരന് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മണ്ണുത്തി – വടക്കഞ്ചേരി റോഡില്‍ ദേശീയപാത അതോറിറ്റി ചെയ്യുന്ന പ്രവൃത്തി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിന് ദേശീയപാത അതോറിറ്റി തയ്യാറാകാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. നാളിതുവരെയായി കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുന്നതിനും എന്‍.എച്ച്.എ.ഐ അധികൃതർ തയ്യാറായിട്ടില്ല.
കുതിരാന്‍ ഭാഗത്ത് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി തുരങ്കങ്ങളില്‍ ഒന്നെങ്കിലും തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര ഉപരിതലഗതാഗത മന്ത്രിയ്ക്കും എന്‍.എച്ച്.എ.ഐ ചെയര്‍മാനും കത്ത് നല്‍കിയിട്ടുണ്ട്.
2018 സെപ്തംബര്‍ 25 ന് തൃശൂര്‍ കളക്ട്രേറ്റില്‍ യോഗം ചേരുകയും, കുതിരാന്‍ പ്രദേശം നേരില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അന്ന് കരാര്‍ കമ്പനിയും എന്‍.എച്ച്.എ.ഐ-യും 2019 ജനുവരിയില്‍ കുതിരാന്‍ തുരങ്കം തുറക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അതു പാലിക്കുകയുണ്ടായില്ല.
കുതിരാന്‍ തുരങ്കത്തിന്റെ നിർമ്മാണ ചുമതല എന്‍.എച്ച്.എ.ഐ യുടെ ആണെന്നിരിക്കെ എന്‍.എച്ച്.എ.ഐ-യുടേയും കരാര്‍ കമ്പനിയുടേയും ഇത്തരം വാഗ്ദാനലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നതിന് പകരം സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം തിരിച്ചു വിടാനാണ് ചിലര്‍ ശ്രമിക്കുന്നത്.
പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സ്ഥലത്തെ എം.പിമാര്‍ ഇടപെടണമെന്നും കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയിലോ നിവേദനങ്ങളിലോ ഈ വിഷയം ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.
Discussion about this post