തിരുവനന്തപുരം: മാവോയിസ്റ്റ് വിഷയത്തില്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിടുന്ന എല്ലാ തെളിവുകളും വിശ്വസിക്കാനാവില്ലെന്ന് കാനം പറഞ്ഞു.
മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐ. എന്നാല്‍ മാവോയിസ്റ്റുകളെ കൊല ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും കാനം വ്യക്തമാക്കി. പോലീസ് നല്കുന്ന തെളിവ് ആണ് അന്തിമം എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ലോകത്ത് എവിടെയെങ്കിലും കമഴ്ന്നു കിടന്ന് പോലീസുകാര്‍ മഹസ്സര്‍ എഴുതുന്നത് കണ്ടിട്ടുണ്ടോ എന്നും പോലീസ് പുറത്തുവിട്ട വീഡിയോ സൂചിപ്പിച്ച് കാനം ചോദിച്ചു. ഇടതുപക്ഷ മുന്നണി മാവോയിസ്റ്റ് വിഷയം പോലുള്ള കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറം പോലീസ് എടുക്കുന്ന നടപടികളെ പിന്തുണയ്ക്കേണ്ട ബാധ്യതയില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവും ഇല്ലെന്നും, കേരള സര്‍ക്കാര്‍ ചെയ്യുന്നതും നരേന്ദ്ര മോഡി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാകാന്‍ പാടില്ല എന്നാണ് ഞങ്ങളുടെ നിലപാടെന്നും കാനം പറഞ്ഞു. കൊലപ്പെടുത്തി പ്രശ്നം അവസാനിപ്പിക്കാം എന്ന ഭരണകൂടത്തിന്റെ ചിന്തയെ സിപിഎമ്മും സിപിഐയും അനുകൂലിക്കുന്നില്ലെന്നും കാനം പറഞ്ഞു.