കൊച്ചി: അങ്ങനെ ഒടുവിൽ നിലമ്പൂർ മമ്പാടിലെ കൊച്ചു ഗ്രാമത്തിൽ നിന്നും ഫുട്ബോളിനോടുള്ള സ്നേഹം കൊണ്ട് സാക്ഷാൽ കേരളാ ബ്ലാസ്റ്റേഴ്സ് ക്യാംപിലേക്ക് വരെ എത്തിച്ചേർന്നിരിക്കുകയാണ് ഈ കുട്ടിക്കൂട്ടം. ഫുട്ബോൾ പ്രണയം നെഞ്ചേറ്റുന്ന കുട്ടികൾ പന്ത് പൊട്ടിയതോടെ പുതിയ പന്ത് വാങ്ങിക്കാനായി ജനാധിപത്യ രീതിയിൽ യോഗം ചേർന്നത് സോഷ്യൽലോകത്ത് വലിയ ഹിറ്റായിരുന്നു.
ഇതിനു പിന്നാലെയാണ് ഈ കുട്ടികളെ കേരളാ ബ്ലാസ്റ്റേഴ്സ് ക്യാംപിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഈ കുട്ടികൾ തങ്ങൾക്ക് പ്രചോദനമാണെന്ന് വ്യക്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കൊച്ചി കലൂരിലെ ഫുട്ബോൾ ക്ലബിലേക്ക് ക്ഷണിച്ചു. കുട്ടികൾക്ക് അവർ എന്താണോ സ്വപ്നം കണ്ടതും അർഹിക്കുന്നതും അത് നൽകുമെന്നും കേരള ബ്ലാസ്റ്റേഴ്സ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. വീഡിയോ പകർത്തിയ സുശാന്ത് നിലമ്പൂരിനെ കേരള ബ്ലാസ്റ്റേഴ്സ് അഭിനന്ദിക്കുകയും ചെയ്തു.
ചാരിറ്റി പ്രവർത്തകനായ സുഷാന്ത് നിലമ്പൂരാണ് തന്റെ നാട്ടിലെ കുട്ടികളുടെ ഫുട്ബോൾ വാങ്ങിക്കാനുള്ള പിരിവിനെ സംബന്ധിച്ച് ചർച്ച ചെയ്യുന്ന യോഗത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. ഇതുകണ്ട് നിരവധി ക്ലബുകളും സിനിമാതാരം ഉണ്ണിമുകുന്ദൻ ഉൾപ്പടെയുള്ളവരും ഈ കുട്ടികൾക്ക് ഇവരുടെ സ്വപ്നമായ ഫുട്ബോൾ സമ്മാനിക്കാനായി രംഗത്തെത്തിയിരുന്നു.
വീഡിയോയിൽ ഒരു കൂട്ടം കുട്ടികൾ മീറ്റിങ് കൂടി ഫുട്ബോൾ വാങ്ങാനുള്ള പൈസ കണ്ടെത്തുന്നതും കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ കളിക്കാരെ അഭിനന്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. തെങ്ങിന്റെ മടൽ കൊണ്ട് ഒരുക്കിയ മൈക്ക് സ്റ്റാൻഡിൽ ചുള്ളികമ്പൊടിച്ച് തയ്യാറാക്കിയ മൈക്ക് ഉപയോഗിച്ചായിരുന്നു 13 അംഗ കുട്ടികളുടെ ക്ലബിന്റെ യോഗം. പ്ലാസ്റ്റിക് കവർ കീറി പൊന്നാടയാക്കി മികച്ച ഗോളിയെ അഭിനന്ദിച്ചതും ഏറെ രസകരമായിരുന്നു. അടുത്ത ഞായറാഴ്ച്ച ഓൺലൈൻ ആയി ഫുട്ബോൾ ഓർഡർ ചെയ്യുമെന്നും ആ ഒരാഴ്ച്ച മിഠായി വാങ്ങാതെ പൈസ എടുത്തുവെച്ച് ഫുട്ബോൾ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നുമാണ് മീറ്റിങ്ങിലെടുത്ത തീരുമാനം.
Discussion about this post