തിരുവനന്തപുരം: വീണ്ടും മാവോയിസ്റ്റ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സിപിഐ. കേരള സർക്കാർ ചെയ്യുന്നതും നരേന്ദ്ര മോഡി സർക്കാർ ചെയ്യുന്നതും ഒരുപോലെയാകാൻ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മാവോ യിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിടുന്ന എല്ലാ തെളിവുകളും വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാർട്ടിയല്ല സിപിഐ. എന്നാൽ മാവോയിസ്റ്റുകളെ കൊലചെയ്യുന്നതിനോട് യോജിപ്പില്ലെന്നും ഇടതുപക്ഷ മുന്നണി ഇത്തരം കാര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾക്കപ്പുറം പോലീസ് എടുക്കുന്ന നടപടികളെ പിന്തുണയ്‌ക്കേണ്ട ബാധ്യതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാവോയിസ്റ്റ് വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവും ഇല്ല. കൊലപ്പെടുത്തി പ്രശ്‌നം അവസാനിപ്പിക്കാം എന്ന ഭരണകൂടത്തിന്റെ ചിന്തയെ സിപിഎമ്മും സിപിഐയും അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പോലീസ് നൽകുന്ന തെളിവ് അന്തിമമാണെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ലോകത്ത് എവിടെയെങ്കിലും കമഴ്ന്നുകിടന്ന് പോലീസുകാർ മഹസ്സർ എഴുതുന്നത് കണ്ടിട്ടുണ്ടോ എന്നും പോലീസ് പുറത്തുവിട്ട വീഡിയോയ്‌ക്കെതിരെ കാനം ഒളിയമ്പെയ്തു.
Discussion about this post