തിരുവനന്തപുരം: ജനിച്ചപ്പോള്‍ മുതല്‍ കാണാതായ അമ്മയെ തേടിയുള്ള ആറ് പട്ടിക്കുട്ടിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കാഴ്ചക്കാരെ ഒന്നടങ്കം നൊമ്പരപ്പെടുത്തുന്നു. പ്രസവം കഴിഞ്ഞയുടനെ അമ്മയെ പട്ടി പിടുത്തക്കാര്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ആറ് പട്ടിക്കുഞ്ഞുങ്ങള്‍ അമ്മയ്ക്കായി നിര്‍ത്താതെ നിലവിളിക്കുകയാണ്.
തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിനടുത്താണ് കാഴ്ചക്കാരുടെ മനസ്സലിയിക്കുന്ന ഈ കാഴ്ച. പേര മരത്തിന്റെ തണലില്‍ നാലു ദിവസം മുന്‍പാണ് തെരുവു നായ 6 കുട്ടികളെ പ്രസവിച്ചത്. പ്രസവം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിയും മുമ്പേ കോര്‍പറേഷന്റെ പട്ടി പിടിത്തക്കാര്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനായി നായയെ പിടികൂടി.
എന്നാല്‍ അത് പ്രസവിച്ച നായയാണെന്നു പട്ടി പിടിത്തക്കാരോടു പറഞ്ഞെങ്കിലും അവര്‍
ചെവിക്കൊണ്ടില്ലെന്ന് സമീപത്തുണ്ടായിരുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. പൊതുവേ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ നായ്ക്കളെ ദിവസങ്ങള്‍ക്കകം പിടികൂടിയ സ്ഥലത്തു തന്നെ തിരികെ കൊണ്ടു വിടാറുണ്ടെന്നും എന്നാല്‍ നാലാം ദിവസം കഴിഞ്ഞിട്ടും ആ അമ്മപ്പട്ടി തിരികെയെത്തിയിട്ടില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
അമ്മയെ കാണാതെ നിര്‍ത്താതെ കരയുന്ന പട്ടിക്കുഞ്ഞുങ്ങള്‍ക്ക് ഇന്ന് ആശ്രയവും ഈ ഡ്രൈവര്‍മാര്‍ തന്നെയാണ്. മഴയും വെയിലുമേല്‍ക്കാതിരിക്കാന്‍ നായക്കുട്ടികളെ പഴയ ടെലിഫോണ്‍ ബോക്‌സിനുള്ളിലേക്ക് അവര്‍ മാറ്റി. വിശപ്പടക്കാന്‍ ഫീഡിങ് ബോട്ടില്‍ വാങ്ങി പാലും നല്‍കുന്നുണ്ട്. എന്നാല്‍ നിര്‍ത്താതെയുള്ള പട്ടിക്കുഞ്ഞുങ്ങളുടെ ആ കരച്ചില്‍ വേദനപ്പിക്കുകയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.