കൊച്ചി: മീടൂ കേസില്‍ നടന്‍ വിനായകനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ഫോണില്‍ സംസാരിച്ചെന്ന യുവതിയുടെ പരാതിയിലാണ് അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പോലീസ് വ്യക്തമാക്കി.
ഈ വര്‍ഷം ഏപ്രിലില്‍ വയനാട്ടിലെ ഒരു ചടങ്ങിലേക്ക് അതിഥിയായി ക്ഷണിച്ചപ്പോള്‍ ഫോണില്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന്‍ തന്നോട് സംസാരിച്ചെന്ന് ആയിരുന്നു യുവതി പോലീസില്‍ നല്‍കിയ പരാതി. പരാതിയില്‍ നടനെതിരെ കേസെടുത്ത പോലീസ് അശ്ലീലച്ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കും വിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്.
യുവതിയോട് താന്‍ മോശമായി സംസാരിച്ചതായി നടന്‍ സമ്മതിച്ചെന്ന് കുറ്റപത്രത്തിലുണ്ട്. ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബര്‍ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനു ശേഷമാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്തമാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് വിവരം.
ഈ കേസില്‍ ജൂണ്‍ 20ന് കല്‍പറ്റ പോലീസ് സ്റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് നടനെ ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അന്വേഷണം പൂര്‍ത്തിയാക്കിയാണ് അന്വേഷണസംഘം കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.