അര്‍ബുദത്തിനും അല്‍ഷൈമേഴ്സ് ചികിത്സയ്ക്കും കഞ്ചാവ് ഫലപ്രദമെന്ന് പഠനം

തേഞ്ഞിപ്പാലം: അര്‍ബുദം, അല്‍ഷൈമേഴ്സ് നാഡീ രോഗങ്ങളുടെ ചികിത്സക്ക് കഞ്ചാവുചെടിയില്‍ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ് ഫലപ്രദമാണെന്ന് പഠനം.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ (ഐബിഎസ്.) ദേശീയ സസ്യശാസ്ത്ര സമ്മേളനത്തില്‍ ഡോ. സരോജ്കാന്ത് ബാരിക്കും ഡോ. സുധീര്‍ ശുക്ലയുമാണ് ഇതുസംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത്.

കഞ്ചാവുചെടിയില്‍ നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ സൗന്ദര്യവര്‍ധക ഉല്‍പന്ന വ്യവസായത്തിന് ഏറെ സഹായകമാണെന്നും അവര്‍ പറഞ്ഞു.
കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിതമായ ഉപയോഗം പരാഗജീവികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഭക്ഷ്യോല്‍പാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഡല്‍ഹി സര്‍വകലാശാല പ്രഫസറും ബംഗളൂരു അശോക് ട്രസ്റ്റിലെ ശാസ്ത്രജ്ഞനുമായ ഡോ. കെആര്‍ ശിവണ്ണ അഭിപ്രായപ്പെട്ടു. പരാഗകാരികളുടെ കുറവ് പരിഹരിച്ചാല്‍ കാര്‍ഷികോല്‍പാദനം 70 ശതമാനം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കല്‍ക്കത്ത ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ പ്രഫസര്‍ അമിതാപല്‍, ലഖ്‌നോവിലെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മന്റെ് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞന്‍ രാജേഷ് അറോറ, ഗോരഖ്പുര്‍ സര്‍വകലാശാലയിലെ സയന്റിസ്റ്റ് എന്‍.എന്‍. ത്രിവേദി, ഇന്‍സയിലെ മുതിര്‍ന്ന ഗവേഷകന്‍ ഉമേഷ് സി. ലവാനിയ, പ്രഫ. കൃഷ്ണേന്ദു ആചാര്യ (കൊല്‍ക്കത്ത സര്‍വകലാശാല), പ്രഫ. എ.എസ്. രാഘവേന്ദ്ര (ഹൈദരാബാദ് സര്‍വകലാശാല) തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

Exit mobile version