കോഴിക്കോട്: കെഎസ്ആർടിസിയിലും മറ്റ് ബസുകളിലും കയറുമ്പോൾ സ്ഥിരമായി സംഭവിക്കുന്നതാണ് ബാക്കി വരുന്ന തുക വാങ്ങാൻ മറക്കുക എന്നത്. സ്ഥിരം യാത്ര ചെയ്യുന്നവരാണെങ്കിലും പണം തിരിച്ച് വാങ്ങാതെ ബസിൽ നിന്നും ഇറങ്ങിപ്പോവുകയും പിന്നീട് ഓർമ്മ വരുമ്പോൾ അയ്യോ എന്ന് പറഞ്ഞ് തലയിൽ കൈവെയ്ക്കുന്നതും.
ഇങ്ങനെ ടിക്കറ്റിന്റെ ബാക്കി വാങ്ങാതെ ഇറങ്ങിപോന്നാൽ പിന്നെ അത് തേടി പോവുക പതിവില്ല. ആ പണം നമ്മളെ തേടിയും വരാറില്ല. എന്നാൽ ആ ചരിത്രം ഇത്തവണ സുൽത്താൻ ബത്തേരിയിലെ കെഎസ്ആർടിസി ജീവനക്കാർ തെറ്റിച്ചിരിക്കുകയാണ്.
ടിക്കറ്റിന്റെ ബാക്കി തുകയായ 100 രൂപ വാങ്ങാൻ മറന്ന് ഇറങ്ങിപ്പോയ മാധ്യമപ്രവർത്തകൻ കൂടിയായ യാത്രക്കാരന് ആ പണം എത്തിച്ചു നൽകി മാതൃകയായിരിക്കുകയാണ് ഇവർ. പണം നഷ്ടമായ കാര്യം കെഎസ്ആർടിസി കൂട്ടായ്മയിൽ പങ്കുവെച്ചതോടെ കെഎസ്ആർടിസി ജീവനക്കാർ കൃത്യമായി ഇടപെട്ട് പണം ഗൂഗിൾ പേ വഴി ജിനു നാരായണൻ എന്ന യാത്രക്കാരന് എത്തിച്ചുനൽകിയിരിക്കുകയാണ്.
ജിനു നാരായണന്റെ ഫേസ്ബുക്ക് കുറിപ്പ്:
വാങ്ങാൻ മറന്ന ‘ബാലൻസ് തുക’ ഗൂഗിൾ പേയിലൂടെ അക്കൗണ്ടിലേക്ക്! സുൽത്താൻ ബത്തേരി കോഴിക്കോട് റൂട്ടിൽ പോയൻറ് ടു പോയൻറ് സർവീസ് ആരംഭിച്ചതുമുതൽ അതിലെ സ്ഥിരം യാത്രക്കാരിലൊരാളാണ്. കോഴിക്കോടേക്കു പോകാൻ പോയൻറ് ടു പോയൻറിനായി കാത്തുനിൽക്കുന്നതും പതിവായിരുന്നു. അങ്ങനെ കഴിഞ്ഞദിവസം രാവിലെ കോഴിക്കോടേക്ക് പോകാൻ സുൽത്താൻ ബത്തേരിയിലെ ചുങ്കം ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്നു. പ്രതീക്ഷിച്ചതുപോലെ ആർ.പി.സി 107 (പോയൻറ് ടു പോയൻറ്) എത്തി. 200 െൻറയും 500 െൻറയും നോട്ടും പത്തുരൂപയുടെ ചില്ലറ നോട്ടുകളുമായിരുന്നു പഴ്‌സിലുണ്ടായിരുന്നത്. 200 െൻറ നോട്ട് നൽകി 88 രൂപയുടെ ടിക്കറ്റും കിട്ടി. പത്തുരൂപ ബാക്കിയും ലഭിച്ചു. ബാക്കി തരാമെന്ന് അറിയിച്ചു. എന്നാൽ, 200 രൂപയുടെ നോട്ടാണ് നൽകിയതെന്ന കാര്യം ഞാൻ മറന്നു. 200 നോട്ടുണ്ടാക്കിയ ഒരു പൊല്ലാപ്പേ..!. അങ്ങനെ കോഴിക്കോടെത്തി. പോയ കാര്യം നടത്തി തിരിച്ച കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയിൽ വന്ന് പഴ്‌സ് നോക്കിയപ്പോഴാണ് 200 രൂപയുടെ കാര്യം ഓർമ വന്നത്. 100 രൂപ ബാക്കി കിട്ടാനുണ്ടെന്ന് മനസിലായി. ശ്രദ്ധയില്ലായ്മ, മറവി എന്നിവകൊണ്ടു 100 രൂപ നഷ്ടമായല്ലോ എന്നു കരുതി. എങ്കിലും സാരമില്ല കെ.എസ്.ആർ.ടി.സിക്കല്ലേ എന്ന് സമാധാനിച്ചു. കോഴിക്കോട് ഡിപ്പോയുടെ കൊണ്ടോടി ഫാസ്റ്റ് പാസഞ്ചർ പോയൻറ് ടു പോയൻറ് ബസിൽ മീനങ്ങാടിക്ക് തിരിച്ചുവരുമ്പോൾ, ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി കൂട്ടായ്മയിലെ അംഗം കൂടിയായ ഞാൻ, ഗ്രൂപ്പ് അഡ്മിൻമാരിലൊരാളായ ശരത്തിനെ ഈ വിവരം അറിയിച്ചു. ടിക്കറ്റിെൻറ ഫോട്ടോയും നൽകി. അങ്ങനെ അദ്ദേഹം ഗ്രൂപ്പിൽ സംഭവിച്ചകാര്യം വിശദീകരിച്ച് പോസ്റ്റിട്ടു. ഡിപ്പോയിൽ ബന്ധപ്പെട്ടാൽ മതിയെന്ന അറിയിപ്പും കിട്ടി. ശരത്ത് എ.ടി.ഒയെ വിളിച്ചുകാര്യം പറഞ്ഞു. ഇതിനിടയിൽ ഗ്രൂപ്പ് അംഗവും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ ദിലീപ് അരിവയലും വാട്‌സ്ആപ്പിൽ സന്ദേശം അയച്ചു. കണ്ടക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാലൻസ് തിരിച്ചു നൽകാനുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു. നേരിട്ടോ അല്ലെങ്കിൽ ഗൂഗിൾ പേയിലൂടെയോ ബാക്കി തുക നൽകാമെന്നും പറഞ്ഞു.ശരത്തും ഇതേ കാര്യം അറിയിച്ചു. അങ്ങനെ ബസിൽനിന്നും ബാക്കിവാങ്ങാൻ മറന്ന 100 രൂപ ഗൂഗിൾ പേ വഴി എ െൻറ അക്കൗണ്ടിലെത്തി!. മറന്നത് 100 രൂപയായാലും 50 രൂപയായാലും അത് യാത്രക്കാരന് കൃത്യമായി തിരിച്ചുനൽകി മാതൃകയായിരിക്കുകയാണ് ബത്തേരി ഡിപ്പോയിലെ ജീവനക്കാർ. ഇത്തരമൊരു ചെറിയ കാര്യത്തിനുപോലും ഇടപെടൽ നടത്തിയ ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരിക്കും എ.ടി.ഒ സാജൻ സ്‌കറിയക്കും ദിലീപ് അരിവയൽ ഉൾപ്പെടെയുള്ള ജീവനക്കാർക്കും മേലുദ്യോഗസ്ഥർക്കും ആർ.പി.സി 107ലെ നമ്മുടെ സ്വന്തം കണ്ട്കടറിനും ക്രൂവിനും നന്ദി.
Discussion about this post