നിലമ്പൂർ: നിരവധി പന്തുകൾ പൊട്ടിയതോടെ വീണ്ടുമൊരു നല്ല ഫുട്ബോൾ വാങ്ങിക്കാനായി ഒരു കൂട്ടം കുട്ടികൾ യോഗം ചേർന്നതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സുഷാന്ത് നിലമ്പൂർ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച ഈ രസകരമായ വീഡിയോയാണ് ഇപ്പോൾ താരം. പത്ത് രൂപ എല്ലാവരും ഓരോ ശനിയാഴ്ചയും ചേരുന്ന യോഗത്തിൽ നൽകണമെന്നാണ് കുഞ്ഞാവയും അപ്പൂസുമൊക്കെ ഗൗരവത്തോടെ പദ്ധതിയിടുന്നത്.
ഈ കുഞ്ഞു ക്ലബിന്റെ പ്രസിഡന്റും സെക്രട്ടറിയും ‘ഓലമടൽ’ കൊണ്ട് നാട്ടിയ ചുള്ളിക്കൊമ്പ് മൈക്കിലൂടെ ആഹ്വാനം ചെയ്യുമ്പോൾ കൈയ്യടിക്കാൻ ക്ലബ് അംഗങ്ങളും സന്നിഹിതരായിരുന്നു. ഇതെല്ലാം നിലമ്പൂരിലെ ഒരു ഗ്രാമത്തിലാണ് നടക്കുന്നത്. കാഴ്ചക്കാരിൽ ഇത് ചിരിപടർത്തുമെങ്കിലും വളരെ ഗൗരവത്തിലാണ് യോഗം മുന്നോട്ട് പോകുന്നത്. മികച്ച ഗോളിയെ പൊന്നാട അണിയിച്ച് അഭിനന്ദിക്കാനും ഈ കുട്ടിപട്ടാളത്തിന്റെ യോഗം മടിക്കുന്നില്ല. മിഠായി വാങ്ങിക്കാനുള്ള പണം എടുത്തുവെച്ച് ആഴ്ചയിൽ 10 രൂപ സമാഹരിക്കാൻ ഓരോരുത്തർക്കും സാധിക്കുമെന്നും സെക്രട്ടറി ആഹ്വാനം ചെയ്യുന്നുണ്ട്. രസകരമായ വീഡിയോ കാണാം.
Discussion about this post