ബോവിക്കാനം: ഇനിയും കാത്തു നിന്നാല്‍ അപകടം ഉണ്ടാകും. അധികാരികള്‍ കൈയ്യൊഴിഞ്ഞ തൂക്കുപാലം നന്നാക്കി നാട്ടുകാര്‍. പയസ്വിനി പുഴയ്ക്ക് കുറുകെ മുളിയാര്‍ – ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൊട്ടല്‍ തൂക്കുപാലമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ അറ്റകുറ്റ പണികള്‍ നടത്തിയത്. എന്നാല്‍ അപകടം മുന്നില്‍ കണ്ട് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ ദൗത്യം ഏറ്റെടുത്തത്.
അപകടാവസ്ഥയിലായ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുകയും തകര്‍ന്ന ഭാഗം കോണ്‍ക്രീറ്റുകള്‍ പാകി പുനസ്ഥാപിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ കാല്‍നടയാത്രക്കാര്‍ക്കു വേണ്ടി മാത്രം നിര്‍മിച്ച തൂക്കുപാലത്തിലൂടെ രാപകല്‍ ഭേദമില്ലാതെ ഇരുചക്രവാഹനങ്ങള്‍ ഓടുന്നത് കാരണമാണ് തൂക്കുപാലം അപടാവസ്ഥയില്ലായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുളിയാറിലെ ബോവിക്കാനത്ത് നിന്നും ബേഡഡുക്ക പഞ്ചായത്തിലെ പെര്‍ളടുക്കയിലും കുണ്ടംകുഴിയിലുമെത്താനുള്ള എളുപ്പവഴിയാണ് ഈ പാലം. നിത്യേന ഇതു വഴി പോകുന്ന വിദ്യാര്‍ത്ഥികളും സ്ത്രികളുമടക്കമുള്ള നൂറുകണക്കിനാളുകള്‍ അപകടം മുന്നില്‍ക്കണ്ടാണ് യാത്ര ചെയ്തു കൊണ്ടിരുന്നത്.