തിരുവനന്തപുരം: ശബരിമല വിഷയം ഇടതുമുന്നണിക്ക് അനുകൂലമായെന്ന് വാദവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോന്നി ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജിനേഷ് കുമാർ വിജയിച്ചതിന് അയ്യപ്പനും കാരണമായെന്നും മന്ത്രി ദേവസ്വം എംപ്ലോയ്സ് കോൺഫെഡറേഷന്റെ സംസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിൽ പറഞ്ഞു.
വിശ്വാസത്തിന്റെ പേരിൽ നാടകം വേണ്ടെന്ന് കാനനവാസിയായ അയ്യപ്പൻ തീരുമാനിച്ചതാണ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഭക്തർക്ക് ഒപ്പമാണ് കേരളത്തിലെ സർക്കാർ. അല്ലാതെ അമ്പലം വിഴുങ്ങികൾക്ക് ഒപ്പമല്ല. ദേവസ്വം ബോർഡുകൾക്ക് ഏറ്റവും കൂടുതൽ പണം നൽകിയ സർക്കാരാണ് പിണറായിയുടേത്,’ എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിധിയിൽ വസ്തുകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ പരാജയപ്പെട്ടു. ദേവസ്വം ജീവനക്കാരും കപട പ്രചാരണങ്ങൾക്ക് പിന്നാലെ പോയി. അയ്യപ്പന്റെ പേരിൽ തെറ്റായ പ്രചാരണം നടത്തിയവർക്ക് അയ്യപ്പൻ നൽകിയ ശിക്ഷയാണ് കോന്നിയിലെ പരാജയമെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു.
അതേസമയം അമ്പലപ്പുഴ പാൽപ്പായസത്തിന് ഗോപാല കഷായം എന്ന് കൂടി പേര് നൽകിയത് എകെ ഗോപാലന്റെ ഓർമ്മ നിലനിർത്താനാണെന്ന കോൺഗ്രസ് വിമർശനം ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ തള്ളി. എകെ ഗോപാലന്റെ പേര് ഓർമ്മിപ്പിക്കാൻ അമ്പലപ്പുഴ പാൽപായത്തിന്റെ പേര് മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post