തിരുവനന്തപുരം: ഉത്പാദക സംസ്ഥാനങ്ങളിൽ മോശം കാലാവസ്ഥയെ തുടർന്ന് കൃഷി നാശം സംഭവിച്ചതോടെ കുത്തനെ കുതിച്ചുയരുന്ന സവാള വിലയെ പിടിച്ചുനിർത്താൻ മാർഗ്ഗങ്ങൾ സ്വീകരിച്ച് സംസ്ഥാന സർക്കാർ. സവാള സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് സർക്കാർ അനുമതി നൽകി. സവാള വിലവർധനവിനെ തുടർന്ന് ഒക്ടോബർ ആദ്യം സപ്ലൈകോ കിലോ 38 രൂപ നിരക്കിൽ സവാള സംഭരിച്ച് സംസ്ഥാനത്ത് വിതരണം നടത്തിയിരുന്നു. ഇതേ രീതിയിൽ കുറഞ്ഞ വിലയ്ക്ക് സവാള സംഭരിച്ച് വിതരണം നടത്താനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.
എന്നാൽ വില വർധനവ് മാത്രമല്ല, സവാളയുടെ ലഭ്യത കുറവും വലിയതോതിൽ സംഭരണത്തെ ബാധിക്കുന്നുണ്ട്. സവാളയുടെ ഉത്പാദത്തിലും ലഭ്യതയിലുമുണ്ടായ കുറവ് കാരണം വിദേശത്ത് നിന്നുള്ള ഇറക്കുമതിയെ കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.
നിലവിൽ കിലോയ്ക്ക് 70 രൂപയാണ് സവാളയുടെ മാർക്കറ്റ് വില. വില നിയന്ത്രിക്കാനുള്ള നടപടികൾക്കൊപ്പം കുറഞ്ഞ വിലയിൽ സവാള ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനുള്ള ആലോചനയിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.
Discussion about this post