കൊച്ചി: ഭീഷണി കൊണ്ടൊന്നും നിലപാടുകളില്‍ നിന്ന് പിന്മാറില്ലെന്ന് കണ്ണന് ഗോപിനാഥന്. കേന്ദ്രസര്‍ക്കാരിന്റെ കുറ്റപത്രത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിമിതബുദ്ധി മാത്രമുള്ളവരാണ് തനിക്ക് കുറ്റപത്രം നല്‍കിയതെന്നും കണ്ണന് തുറന്നടിച്ചു. അതേസമയം സര്‍ക്കാരിനെ വിമര്‍ശിച്ചത് രാജിവെച്ചശേഷമാണെന്നും കണ്ണന് കൂട്ടിച്ചേര്‍ത്തു.
രാജിക്കത്തില്‍ തീരുമാനമെടുക്കാതെ പിരിച്ചുവിടപ്പെട്ടയാളായി വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാകാം ഈ കുറ്റപത്രത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു. ഇത്തരം ഭീഷണി കൊണ്ടൊന്നും നിലപാടുകളില്‍ നിന്ന് പിന്മാറില്ല. കാശ്മീരി ജനതയുടെ മൗലികാവകാശങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള പരിശ്രമങ്ങള്‍ ഇനിയും തുടരുമെന്നും കണ്ണന് തുന്നടിച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് മറുപടിയുമായി കണ്ണന് രംഗത്തെത്തിയത്.
അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു, സര്‍ക്കാരിനെ വിമര്‍ശിച്ചു, ആത്മാര്‍ഥമായി കൃത്യനിര്‍വഹണം നടത്തിയില്ല തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രത്തില്‍ പറയുന്നത്. ഈ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും ആരോപണമുണ്ട്. അതേസമയം തന്റെ വിമര്‍ശനങ്ങളല്ല സര്‍ക്കാരിന്റെ നടപടികളാണ് പ്രതിച്ഛായ മോശമാകാന്‍ കാരണമെന്ന് കണ്ണന് ഗോപിനാഥന് ട്വിറ്ററില്‍ പ്രതികരിച്ചു.
Discussion about this post