കോട്ടയം: സംസ്ഥാനത്തിന്റെ വരുമാനം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും വേണ്ടി ചെലവഴിക്കുന്നതിന് എതിരെ പിസി ജോർജ് എംഎൽഎ. സർക്കാർ പുതിയ ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിച്ചതിനെതിരെയാണ് പിസി ജോർജ് എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും ചിലവഴിക്കപ്പെടുന്നത് ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
97 ശതമാനം വരുന്ന ജനങ്ങളുടെ ക്ഷേമത്തിനും, നാടിന്റെ വികസനത്തിനും വേണ്ടി ചിലവഴിക്കാൻ സർക്കാരിന്റെ പക്കൽ ബാക്കിയുള്ളത് 17 ശതമാനം പൈസ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപ്പോഴാണ് ശമ്പളം വർധിപ്പിക്കുന്നതിന് വേണ്ടി പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ഇതിനെ എതിർത്തേ മതിയാകൂവെന്നും പിസി ജോർജ് പറഞ്ഞു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇനി ഒരു പൈസ കൂട്ടാൻ അനുവദിക്കരുത്. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം കേരളത്തിലുണ്ടാകുമെന്നും പിസി ജോർജ് മുന്നറിയിപ്പ് നൽകി.
Discussion about this post