കൊയിലാണ്ടി: നിരത്തിലൂടെ പായുന്നവരാണ് സ്വകാര്യ ബസുകള്‍. ഇപ്പോള്‍ പോലീസ് ജീപ്പിനോടും വെല്ലുവിളി നടത്തിയിരിക്കുകയാണ് കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ ഗാലക്സി ബസ്. കൂടാതെ ബസ് ജീവനക്കാര്‍ ഡിവൈഎസ്പിയോട് തട്ടിക്കയറിയിരിക്കുകയാണ്. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂടാതെ ബസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ബസ് ഡ്രൈവര്‍ മാഹി പുന്നോളി സജീര്‍ മന്‍സില്‍ സഹീര്‍ (34), കണ്ടക്ടര്‍ കോഴിക്കോട് വെള്ളിപറമ്പ് പൂവന്‍ പറമ്പത്ത് അബൂബക്കര്‍ (40) എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ബുധനാഴ്ച രാവിലെ ചേമഞ്ചേരിയിലാണ് കേസിനാസ്പദമായ സംഭവം. താമരശ്ശേരി ഡിവൈഎസ്പി കെപി അബ്ദുള്‍ റസാക്ക് വടകരയിലേക്ക് പോവുകയായിരുന്നു. തിരുവങ്ങൂരിലെത്തിയപ്പോള്‍ മുതല്‍ പിന്നില്‍ അതിവേഗത്തില്‍ വന്ന സ്വകാര്യ ബസ് തുടര്‍ച്ചയായി ഹോണടിച്ചും ഡോറിലടിച്ചും പോലീസ് ജീപ്പിനെ മറികടക്കാനുള്ള ശ്രമം നടത്തി.
എന്നാല്‍ എതിര്‍ ഭാഗത്ത് നിന്നെത്തിയ വാഹനങ്ങള്‍ പിന്നാലെ വരുന്നതിനാല്‍ വഴികൊടുക്കാന്‍ സാധിച്ചില്ലെന്ന് ഡിവൈഎസ്പി പറയുന്നു. എന്നിട്ടും ബസ് ഹോണടി നിര്‍ത്തിയില്ലെന്ന് അദ്ദേഹം പറയുന്നു. ഹോണടി ശല്യം അതിരുവിട്ടപ്പോഴാണ് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം പോലീസ് വാഹനം റോഡിന് മധ്യത്തില്‍ നിര്‍ത്തി ബസ് തടഞ്ഞിട്ടത്.
ഇതില്‍ പ്രകോപിതരായ ബസ് ജീവനക്കാര്‍ ഇറങ്ങിചെന്ന് ഡിവൈഎസ്പിയോട് തട്ടിക്കയറുകയായിരുന്നു. ഡിവൈഎസ്പി മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ ബസുകാര്‍ക്കെതിരേ തിരിയുകയും ചെയ്തു. അപ്പോഴേക്കും ഡിവൈഎസ്പി വിവരം കൈമാറിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍നിന്ന് ഹൈവേ പോലീസ് എത്തി ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിവൈഎസ്പിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
പോലീസ് വാഹനമാണെന്ന് അറിഞ്ഞിട്ടും ഈ രീതിയിലാണ് ചില സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റമെങ്കില്‍ റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരോടുള്ള സമീപനം ഇതിനെക്കാള്‍ ഭീകരമായിരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.