ആലപ്പുഴ: നറുക്കെടുപ്പിന് രണ്ട് മിനിറ്റ് മുന്‍പ് എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിന്റെ അമ്പരപ്പിലാണ് മുന്‍ ഭാഗ്യക്കുറി വില്‍പ്പനക്കാരി തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയില്‍ ലേഖ പ്രകാശ്. അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളുമാണ് ലേഖയെ തേടിയെത്തിയത്.
കൊമ്മാടി കുയില്‍ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് എവൈ771712 നമ്പര്‍ ലോട്ടറി ടിക്കറ്റ് എടുത്തത്. ആകെ 12 ടിക്കറ്റുകളാണ് എടുത്തത്. 2 വര്‍ഷം മുന്‍പു വരെ കളക്ടറേറ്റിന് മുന്‍പില്‍ ലോട്ടറി വില്‍പന നടത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവര്‍ ആയിരുന്നു ലേഖയുടെ ഭര്‍ത്താവ് കെആര്‍ പ്രകാശ്.
ഇതിനിടയിലാണ് പ്രകാശിന് വാഹനാപകടം സംഭവിച്ചത്. ശേഷം ലോട്ടറി വില്‍പ്പന അവസാനിപ്പിക്കേണ്ടതായി വന്നു. ഭര്‍ത്താവും മക്കളായ കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാര്‍ത്തിക് കൃഷ്ണ, ദേവി കൃഷ്ണ എന്നിവരും അടങ്ങുന്ന കുടുംബത്തിന് സ്വന്തമായി വീടില്ല. ലേഖയുടെ കുടുംബവീട്ടിലാണ് ഇവര്‍ താമസിച്ചു വന്നിരുന്നത്. സമ്മാനത്തുക ഉപയോഗിച്ച് വീട് നിര്‍മ്മിക്കാനും ഒരു ലോട്ടറിക്കട തുടങ്ങണമെന്നുമാണ് ലേഖയുടെ ആഗ്രഹം.