തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. രണ്ടായിരത്തി ഇരുപത്തിയൊന്നോട് കൂടി കെ ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് കേരള സര്‍ക്കാര്‍. ലോകോത്തര നിലവാരത്തിലുള്ള അതിവേഗ ഇന്റര്‍നെറ്റ് സേവനം എല്ലാവര്ക്കും ലഭ്യമാക്കുകയാണ് കെ ഫോണിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 1548 കോടി രൂപയാണ്. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.
സംസ്ഥാനത്ത് ഉടനീളം ശക്തവും വേഗമേറിയതുമായ ഇന്റര്‍നെറ്റ് സൗകര്യം, 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ഇതായിരുന്നു ഒരു വര്‍ഷം മുമ്പ് കെ ഫോണ്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഉദ്ദേശം. 54,000 കിലോമീറ്റര്‍ ലോകോത്തര നിലവാരത്തിലുള്ള ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയാണ് കെ ഫോണ്‍ യാഥാര്‍ത്ഥ്യമാക്കുക. ഇത് വഴി 10 എംബിപിഎസ് മുതല്‍ ഒരു ജിബിപിഎസ് വേഗത്തില്‍ വിവരങ്ങള്‍ അയക്കാന്‍ സാധിക്കും. എന്നാല്‍ കെ ഫോണ്‍ ഇന്റര്‍നെറ്റ് സേവന ദാതാവല്ല, മറ്റ് സേവനദാതാക്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന അടിസ്ഥാന സംവിധാനമാണ്.
കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡും കെഎസ്ഇബിയും ചേര്‍ന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. കെഎസ്ഇബിയുടെ പ്രസരണ ശൃംഖലക്കൊപ്പമാണ് പുതിയ ഫൈബര്‍ നെറ്റ്വര്ക്കും സ്ഥാപിക്കുക. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് പദ്ധതിക്ക് വേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കരാര്‍. താല്പര്യമുള്ള ഏതൊരു സേവനദേതാവിനും പദ്ധതിയില്‍ ഭാഗമാകാം, ഏതെങ്കിലും ഒരു സേവനദാതാവിനായി മാത്രം കെ ഫോണിന്റെ സൗകര്യങ്ങള്‍ പരിമിതപ്പെടുത്തി നല്‍കില്ലെന്നും ഐടി സെക്രട്ടറി പറഞ്ഞു.
Discussion about this post