കൊച്ചി; സഞ്ചാര യോഗ്യമല്ലാത്ത റോഡിന് ആദരാഞ്ജലി അര്‍പ്പിച്ച് നാട്ടുകാര്‍. അയര്‍ക്കുന്നം ഏറ്റുമാനൂര്‍ റോഡിന്റെ ടാറിങ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതീകാത്മകമായി റോഡിന് ആദരാഞ്ജലി അര്‍പ്പിച്ചത്. റോഡിന്റെ സഞ്ചയനം നടത്താനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്. 10 കോടി രൂപ റോഡ് പുനരുദ്ധാരണത്തിനു അനുവദിച്ചിട്ടും നടപടി ക്രമങ്ങള്‍ നീളുന്നതില്‍ പ്രതിഷേധിച്ചാണ് റോഡിന്റെ അടിയന്തര ചടങ്ങുകള്‍ നടത്തുന്നത്.
അയര്‍ക്കുന്നം ഏറ്റുമാനൂര്‍ റോഡ് അകാലത്തില്‍ പൊലിഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു. ദേശീയ പാത വിഭാഗത്തിനാണ് ചികിത്സാ ചുമതലയെങ്കിലും അവര്‍ അവഗണിച്ചത് രോഗം വഷളാക്കി.10 കോടി അനുവദിച്ചിട്ട് അധികൃതര്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്നും റോഡിന്റെ ചരമം അറിയിച്ച കുറിപ്പില്‍ പറയുന്നു. കൂടാതെ അടിയന്തരസദ്യ ഉണ്ടായിരിക്കുന്നതാണെന്നും അറിയിക്കുന്നുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രി, ഏറ്റുമാനൂര്‍ ഭാഗങ്ങളിലേക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ കൂടുതലായി ആശ്രയിക്കുന്ന റോഡ് കൂടിയാണിത്.
Discussion about this post