തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ക്ലാസ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ തിരുവനന്തപുരത്ത് സസ്‌പെന്റ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. വിളവൂര്‍ക്കല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. സസ്‌പെന്‍ഷനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടി പിന്‍വലിച്ചത്. മൂവരും ഇന്ന് ക്ലാസില്‍ പ്രവേശിച്ചു.
വെള്ളിയാഴ്ചയാണ് പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ
സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തത്. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് ക്ലാസ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനെതിരെയായിരുന്നു നടപടി. ചേര്‍ത്ത് പിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്പോള്‍, നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്പോള്‍, വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്പോള്‍ -മകളെ നിനക്ക് നീ മാത്രം. എന്നെഴുതിയ പോസ്റ്ററാണ് കുട്ടികള്‍ ഒട്ടിച്ചത്.
ക്ലാസ്സ് ടീച്ചറുടെ അനുമതിയില്ലാതെ ക്ലാസ്സ്മുറിയില്‍ പോസ്റ്റര്‍ പതിപ്പിച്ചതിനാണ് അച്ചടക്ക നടപടിയെന്നാണ് സ്‌കൂള്‍ പ്രിസിപ്പാളിന്റെ പ്രതികരണം.
Discussion about this post