ബാച്ചിലര്‍ ലൈഫിനോട് വിട; ‘ഡോക്ടര്‍ പെണ്ണിനെ’ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാന്‍ ഒരുങ്ങി എല്‍ദോ എബ്രഹാം എംഎല്‍എ, വിവാഹ നിശ്ചയം കഴിഞ്ഞു

ജനുവരി 12-ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം.

മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം വിവാഹിതനാകുന്നു. ബാച്ചിലര്‍ ലൈഫിനോട് വിട പറയുന്ന അദ്ദേഹം തന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കുന്നത് എറണാകുളം കല്ലൂര്‍ക്കാട് സ്വദേശിനിയും ആയുര്‍വേദ നേത്രരോഗ വിദഗ്ധയുമായ ആഗി മേരി അഗസ്റ്റിനെയാണ്.

ഞായറാഴ്ച അദ്ദേഹത്തിന്റെ വിവാഹനിശ്ചയം നടന്നു. ജനുവരി 12-ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. അന്നേദിവസം വൈകുന്നേരം 4ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വിവാഹ സല്‍ക്കാരം നടക്കും.

പരമ്പരാഗത ആയുര്‍വേദ നേത്രരോഗ ചികിത്സരുടെ കുടുംബത്തില്‍ നിന്നുള്ള ഡോ. ആഗി കല്ലൂര്‍ക്കാട് സ്വന്തമായി ആയുര്‍വേദ ക്ലിനിക്ക് നടത്തുകയാണ്. മണ്ണാംപറമ്പില്‍ അഗസ്റ്റിന്റെയും മേരിയുടെയും ഏകമകളാണ് 29കാരിയായ ആഗി. തൃക്കളത്തൂര്‍ മേപ്പുറത്ത് എബ്രഹാമിന്റെയും ഏലിയാമ്മയുടെയും മകനാണ് 42കാരനായ എല്‍ദോ. പ്രിയ നേതാവിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തി.

Exit mobile version