തൃശ്ശൂര്‍: തൃശ്ശൂരില്‍ നിന്നും ഒരേ ദിവസം കാണാതായ എട്ട് പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തി. ഇതില്‍ ഏഴ് പേര് പോയത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടവര്ക്കൊപ്പമാണെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.
കാണാതായ പെണ്‍കുട്ടികളെ വിവിധ ജില്ലകളില്‍ നിന്നാണ് കണ്ടെത്തിയത്. ഇതില്‍ ഏഴ് പേര് പോയത് കമിതാക്കള്‍ക്കൊപ്പമാണ്. ഒരാള്‍ പോയത് അയല്വാസിക്കൊപ്പവും. കാണാതായ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. കുടുംബ പ്രശ്നങ്ങള്‍ മൂലമാണ് ചാലക്കുടി സ്വദേശിയായ ഈ കുട്ടി വീട് ഉപേക്ഷിച്ചതെന്നും പോലീസ് അറിയിച്ചു. പോയതില്‍ ഭൂരിഭാഗവും കോളജ് വിദ്യാര്‍ത്ഥികളാണ്.
പുതുക്കാട്,മാള, പാവറട്ടി,ചാലക്കുടി,വടക്കാഞ്ചേരി,വെസ്റ്റ് പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് ഇതില്‍ കാണാതായ എട്ട് പെണ്‍കുട്ടികള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ എട്ട് പെണ്‍കുട്ടികളും ജില്ലയിലെ വിവിധ സ്കൂള്‍, കോളജ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണെന്നും പരസ്പരം ബന്ധമില്ലെന്നും കണ്ടെത്തി.
തുടര്‍ന്ന് പെണ്‍കുട്ടികളുടെ ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. അതേസമയം പെണ്‍കുട്ടികളെ നിരന്തരം കാണാതാകുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്ത്തണുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post