കോട്ടയം: ഇടഞ്ഞ കൊമ്പന് കോട്ടയം ഇല്ലിക്കലിനെ വിറപ്പിച്ച് മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍. അല്പശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളിപ്പിനു ശേഷം ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്ന വഴിയാണ് തിരുനക്കര ശിവന് എന്ന ആന ഇടഞ്ഞത്. രണ്ടര മണിക്കൂറുകളോളം ഭീതിപരത്തിയ ശിവനെ മുന്‍ പാപ്പാനായ സിഎം മനോജ് കുമാര്‍ എത്തിയാണ് തളച്ചത്.
ഇന്നലെ വൈകുന്നേരം 5.30യോടെയാണ് ആന ഇടഞ്ഞത്. ശിവന്റെ മുന്‍ പാപ്പാനാണ് മനോജ് കുമാര്‍. ഇന്നലെ ആന ഇടഞ്ഞപ്പോള്‍ മനോജ് ചിറക്കടവിലായിരുന്നു. ഉടനെ നാട്ടുകാരും ദേവസ്വം അധികൃതരും മനോജിനെ വിളിച്ച് വരുത്തുകയായിരുന്നു. കാര്യം അറിഞ്ഞ ഉടനെ മനോജ് ബൈക്കില്‍ പാഞ്ഞെത്തി. ശിവാാ എന്ന് ഉറക്കെ വിളിച്ചു കൊണ്ടാണ് അദ്ദേഹം എത്തിയത്. വിളിച്ച് നിര്‍ത്തിയ ശേഷം ഇരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ കൊമ്പ് കുത്തിച്ചു. തുടര്‍ന്ന് പഴവും ശര്‍ക്കരയും നല്കി മയപ്പെടുത്തി. 9 മണിയോടെ അഴിച്ച് ചെങ്ങളത്തു കാവിലേക്കു കൊണ്ടു പോയി.
ഇതോടെ ചിറക്കടവ് നീലകണ്ഠന്റെ പാപ്പാനായ മനോജിനെ ഇന്നലെ ശിവന്റെ പാപ്പാനായി നിയമിച്ചു. 10 വര്‍ഷം ശിവന്റെ രണ്ടാം പാപ്പാനായ മനോജ് 4 മാസം മുന്‍പാണ് മാറി പോയത്. ഇല്ലിക്കല്‍ ഭാഗത്ത് എത്തിയപ്പോഴായിരുന്നു ശിവന് ആദ്യം ഇടഞ്ഞത്. അവിടെ നിന്നു മരുതന ഭാഗത്തേക്കു ഓടുകയായിരുന്നു. ഈ സമയത്ത് രണ്ടാം പാപ്പാന് വിക്രമന് ആനപ്പുറത്തുണ്ടായിരുന്നു. ആന ഇടഞ്ഞതറിഞ്ഞതോടെ മരുതന ഭാഗത്ത് ജനങ്ങളെ കൊണ്ടുനിറഞ്ഞു. സുഖചികിത്സയുടെ ഭാഗമായി ചെങ്ങളത്തുകാവിലാണ് ആനയെ തളച്ചിരുന്നത്. ഡോക്ടറുടെ പ്രത്യേക അനുമതിയോടെ തിരുനക്കര ഉത്സവത്തിനായി തിങ്കളാഴ്ചയാണു ക്ഷേത്രത്തിലേക്കു കൊണ്ടുവന്നത്.