കണ്ണൂര്‍: ചീഫ് സെക്രട്ടറി ടോം ജോസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസിന് ദിനപത്രത്തില്‍ ലേഖനം എഴുതാന്‍ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അനുമതി ഇല്ലാതെയാണ് ചീഫ് സെക്രട്ടറി ലേഖനം എഴുതിയത്. എന്നാല്‍ ലേഖനം എഴുതുന്നതിന് അനുമതി ആവശ്യമില്ല. മാവോയിസ്റ്റുകളെ നേരിടുന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് ലേഖനത്തില്‍ ഉള്ളതെന്നും, അന്വേഷണത്തെ അത് ബാധിക്കില്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ചീഫ് സെക്രട്ടറി ടോം ജോസിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ രംഗത്ത് എത്തിയിരിക്കുമ്പോള്‍ ആണ് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ന്യായീകരിച്ചിരിക്കുന്നത്. പ്രതിപക്ഷവും ചീഫ് സെക്രട്ടറിയുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു.
മാവോയിസ്റ്റ് വിഷയത്തിലുള്ള, ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം കോടതി അലക്ഷ്യമാണെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. ചീഫ് സെക്രട്ടറിയുടെ നടപടി മജിസ്റ്റീരിയല്‍ അന്വേഷണത്തെ സ്വാധീനിക്കുന്നതാണെന്നും കാനം കൂട്ടിച്ചേര്‍ത്തിരുന്നു.
ചീഫ് സെക്രട്ടറി നടത്തിയ അഭിപ്രായ പ്രകടനം തെറ്റായിപ്പോയി. അത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ്. സുപ്രീം കോടതി, ഹൈക്കോടതി വിധികള്‍ക്ക് എതിരാണ് നിലപാട്. സര്‍ക്കാര്‍ അനുമതിയോടെയാണോ ലേഖനം എഴുതിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും കാനം പറഞ്ഞിരുന്നു.
അട്ടപ്പാടിയിലെ മേലേ മഞ്ചികണ്ടിയില്‍ നടന്ന പോലീസ് ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതും, കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം. ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടിയെ ചീഫ് സെക്രട്ടറി ടോം ജോസ് ന്യായീകരിച്ചത്.
മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയാണ്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. അതിനാല്‍ മാവോയിസ്റ്റുകളുടെ രീതികളെ ന്യായീകരിക്കാന്‍ സാധിക്കില്ല. അവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഇല്ല എന്നുമായിരുന്നു ടോം ജോസ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.
Discussion about this post