കൊച്ചി: തീരദേശ നിയമം ലംഘിച്ച് പണിതതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചി മരടിലെ ഫ്ളാറ്റില്‍ നിന്ന് സാധനങ്ങള്‍ നീക്കാന്‍ ഉടമകള്‍ക്ക് ഇന്ന് കൂടി അനുമതി നല്കി. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സാധനങ്ങള്‍ മാറ്റാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഉടമകള്‍ ഫ്ളാറ്റില്‍ നിന്ന് സാധനങ്ങള്‍ മാറ്റി തുടങ്ങി.
ഫ്ളാറ്റില്‍ നിന്ന് തങ്ങള്‍ക്ക് സാധനങ്ങള്‍ പൂര്‍ണ്ണമായും നീക്കാന്‍ സാവകാശം ലഭിച്ചില്ലെന്ന് ഉടമകള്‍ നഷ്ടപരിഹാര നിര്‍ണ്ണയ കമ്മിറ്റിക്ക് മുമ്പാകെ പരാതി സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ കണ്ടീഷനുകള്‍, ഫാനുകള്‍, സാനിറ്ററി ഉപകരണങ്ങള്‍ എന്നിവ നീക്കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായ കമ്മിറ്റി ഫ്ളാറ്റ് ഉടമകള്‍ക്ക് ഒരു ദിവസത്തെ അനുമതി കൂടി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഫ്ളാറ്റ് പൊളിക്കാന്‍ കമ്പനികള്‍ക്ക് കരാര്‍ നല്കിയതിനാല് ഫ്ളാറ്റിന്റെ ജനലുകളും കട്ടിളകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ഉടമകള്‍ക്ക് അനുമതിയില്ല. ഫളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയകള്‍ പൊളിച്ച് നീക്കി തുടങ്ങി.
Discussion about this post