തൃശ്ശൂർ: തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണതിനു പിന്നാലെ ഹോട്ടൽ ജീവനക്കാരൻ നടത്തിയ അവസരോചിത ഇടപെടലിൽ രക്ഷപ്പെട്ടത് നിരവധി ജീവനുകൾ. ഡ്രൈവർ വാഹനം ഓടിക്കൊണ്ടിരിക്കെയാണ് ഗിയർ ബോക്സിലേക്ക് കുഴഞ്ഞുവീണത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് എതിർവശത്തുകൂടി പായുകയായിരുന്നു. ഇതു ശ്രദ്ധയിൽ പ്പെട്ട തൃശ്ശൂർ മണ്ണംപേട്ടപച്ചളിപ്പുറം സ്വദേശി 63 കാരനായ തങ്കപ്പൻ ഡ്രൈവർ സീറ്റിലേക്ക് ഓടിയെത്തി ബസ് ബ്രേക്കിട്ട് നിർത്തി യാത്രക്കാരായ 20ഓളം പേരുടെ ജീവനാണ് രക്ഷിച്ചത്. തൃശ്ശൂർ മണ്ണംപേട്ട പച്ചളിപ്പുറത്ത് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം
ഇരിങ്ങാലക്കുടയിലേയ്ക്കുള്ള ഓർഡിനറി കെഎസ്ആർടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവർ കെകെ ജിജേഷാണ് ഗിയർ ബോക്സിന് മുകളിലേക്ക് കുഴഞ്ഞ് വീണത്. ബസ് ഓടിക്കാൻപോലും അറിയാത്ത തങ്കപ്പന്റെ അവസരോചിത ഇടപെടലാണ് അപകടത്തിൽ നിന്നും ബസിനെയും യാത്രക്കാരെയും രക്ഷിച്ചത്. പിന്നീട് കണ്ടക്ടറും യാത്രക്കാരും ചേർന്നാണ് ബസ് റോഡരികിലേയ്ക്ക് മാറ്റിയിട്ടത്.
തങ്കപ്പന്റെ അവസരോചിത ഇടപെടലിനെ യാത്രക്കാരും നാട്ടുകാരും അഭിനന്ദിച്ചു. തപാൽ വകുപ്പിൽ നിന്നും വിരമിച്ച തങ്കപ്പൻ തൃശ്ശൂർ പുതുക്കാട് സെന്ററിലെ ഹോട്ടലിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അവശനായ ജിജേഷിനെ മണ്ണംപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Discussion about this post