തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്. മാവോയിസ്റ്റ് വിഷയവുമായി ബന്ധപ്പെട്ടുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം അതിന് തെളിവാണെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന് പറഞ്ഞു. മാവോയിസ്റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് എതിരാണ് ലേഖനമെങ്കില്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പുറത്താക്കണമെന്നും ബെന്നി ബെഹ്നാന് ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ മേലേ മഞ്ചികണ്ടിയില്‍ നടന്ന പോലീസ് ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതും, കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം. ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടിയെ ചീഫ് സെക്രട്ടറി ടോം ജോസ് ന്യായീകരിച്ചത്.
മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയാണെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനാല്‍ മാവോയിസ്റ്റുകളുടെ രീതികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നത്.
അതെസമയം ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ സിപിഐ രംഗത്ത് എത്തി. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്നും ആരാണ് ലേഖനമെഴുതാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരം നല്‍കിയതെന്നും സിപിഐ ചോദിച്ചു. ഉദ്യോഗസ്ഥരെ തിരുത്താന്‍ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും സിപിഐ ആവശ്യപ്പെട്ടു.
Discussion about this post