കോഴിക്കോട്: പിഎസ്സി പരീക്ഷയിലെ കോപ്പിയടിയെ പരിഹസിച്ചയാളോട് കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവാണെന്ന് വീരവാദം മുഴക്കി പരീക്ഷാ തട്ടിപ്പ് കേസിലെയും കുത്തുകേസിലെയും പ്രതി നസീം. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിലൂടെയാണ് നസീം പ്രതികരണം നടത്തിയത്.
‘തോൽക്കാൻ മനസ്സില്ലെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ച നിമിഷമായിരുന്നു, ഞാൻ ആദ്യമായി വിജയിച്ചത്.. ‘ എന്ന കുറിപ്പോടെ നസീം ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവെച്ചിരുന്നു. പിന്നാലെ കോപ്പി അടിക്കുന്നതിനാൽ നീയൊക്കെ എങ്ങനെ തോൽക്കുമെന്ന കമന്റുമായി ഒരാൽ രംഗത്തെത്തുകയായിരുന്നു. ഇതിന് മറുപടിയായാണ് നസീമിന്റെ പ്രതികരണം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും പിഎസ്സി പരീക്ഷയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കോപ്പിയടിച്ചതായി തെളിഞ്ഞിരുന്നു. ശിവരഞ്ജിത്ത്, നസീം, പ്രണവ്, സഫീർ എന്നിവരാണ് കോപ്പിയടി കേസിലെ പ്രതികൾ. ഇവരെ ആജീവനാന്തം പിഎസ്സി പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
അതേസമയം, കുത്തുകേസിൽ പോലീസ് യഥാസമയം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ നസീമിനും ശിവരഞ്ജിതിനും ജാമ്യം അനുവദിച്ചിരുന്നു. മറ്റ് പ്രതികളായ ഗോകുൽ, സഫീർ, പ്രണവ് എന്നിവർ ഇപ്പോഴും ജയിലിലാണ്.
Discussion about this post