അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെ; നിലപാട് ആവര്‍ത്തിച്ച് സിപിഐ; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

നിയമസഭയിലെത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്

തിരുവനന്തപുരം: അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് സിപിഐ. മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വെടിവെയ്പ്പ് പഠിക്കാന്‍ സിപിഐ നിയോഗിച്ച സമിതി അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. സംഭവത്തെ കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ സിപിഐ ആവശ്യപ്പെടുന്നത്.

പി പ്രസാദ്, മുഹമ്മദ് മുഹസിന്‍, പ്രകാശ് ബാബു എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവര്‍ തന്നെയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. നിയമസഭയിലെത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

മഞ്ചിക്കണ്ടി സന്ദര്‍ശിച്ച സംഘം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് കൈമാറിയിരുന്നു. കാനം മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് കൈമാറുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു

മഞ്ചിക്കണ്ടിയിലെ പോലീസ് നടപടിയെ മുഖ്യമന്ത്രി ആവര്‍ത്തിച്ച് ന്യായീകരിക്കുന്നതിനിടയാണ് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണ് നടന്നതെന്ന നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നത്. പോലീസ് ഏകപക്ഷീയമായാണ് വെടിയുതിര്‍ത്തത്. മരിച്ച മണിവാസകത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകള്‍ക്ക് നേരെയാണ് പോലീസ് വെടിയുതിര്‍ത്തതെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version