കുറ്റിപ്പുറം: അറ്റകുറ്റപ്പണികള്‍ക്കായി കുറ്റിപ്പുറം പാലം എട്ടുദിവസം രാത്രി അടച്ചിടും. ബുധനാഴ്ച രാത്രിമുതലാണ് അടച്ചിടുക. ദേശീയപാത 66-ല്‍ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള കുറ്റിപ്പുറം പാലത്തിന്റെ ഉപരിതലത്തിലെ തകര്‍ച്ച പരിഹരിക്കുന്നതിനാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
1953-ലാണ് കുറ്റിപ്പുറം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. എന്നാല്‍ ആദ്യമായാണ് ഗതാഗതം പൂര്‍ണമായും നിരോധിച്ച് പാലത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. ഇത്തവണ പാലത്തിനോടുചേര്‍ന്നുള്ള റോഡും ഇന്റര്‍ലോക്ക് വിരിച്ച് നവീകരിക്കും.
യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാവുന്ന മറ്റു വഴികള്‍ ഇവയാണ്.
തെക്കന്‍ ജില്ലകളിലേക്ക് ചമ്രവട്ടം പാലംവഴി: കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചേളാരിയില്‍നിന്ന് തിരിഞ്ഞ് പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ വഴി ചമ്രവട്ടം പാലംകടന്ന് പൊന്നാനിയിലെത്താം. ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് ഇവിടെനിന്ന് ചാവക്കാട് വഴി ഇടപ്പള്ളിയിലെത്താം. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ചമ്രവട്ടം പാലംകടന്നാല്‍ പൊന്നാനി, എടപ്പാള്‍ വഴി തൃശ്ശൂര്‍ ഭാഗത്തേക്ക് യാത്ര ചെയ്യാം.
കോട്ടയ്ക്കല്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് എടരിക്കോടുനിന്ന് തിരൂര്‍വഴി എത്തി ചമ്രവട്ടം പാലംകടക്കാം. അല്ലെങ്കില്‍ പുത്തനത്താണി-തിരുനാവായ-ബി.പി. അങ്ങാടി വഴിയോ കൊടയ്ക്കല്‍, ആലത്തിയൂര്‍ വഴിയോ, പുത്തനത്താണി-വൈലത്തൂര്‍-തിരൂര്‍ വഴിയോ എത്തി ചമ്രവട്ടം പാലംകടക്കാം.
പട്ടാമ്പി പാലം: വളാഞ്ചേരിയില്‍നിന്ന് കൊപ്പം വഴിയെത്തി പട്ടാമ്പിപാലം കടന്ന് കൂറ്റനാട് വഴി പെരുമ്പിലാവിലെത്താം.
വെളിയാങ്കല്ല് പാലം: വളാഞ്ചേരിയില്‍നിന്ന് തിരുവേഗപ്പുറ-പള്ളിപ്പുറം വഴിയെത്തി വെള്ളിയാങ്കല്ല് പാലം കടന്നാല്‍ തൃത്താല-കൂറ്റനാട്വഴി പെരുമ്പിലാവിലെത്താം.വടക്കന്‍ ജില്ലകളിലേക്ക്ചമ്രവട്ടം പാലം: ഇടപ്പള്ളി-ചാവക്കാട്-പൊന്നാനിവഴി ചമ്രവട്ടം പാലം കടക്കാം. എടപ്പാള്‍ നടുവട്ടം-കരിങ്കല്ലത്താണി വഴിയെത്തി ചമ്രവട്ടം പാലത്തിലെത്താം.
എടപ്പാള്‍ ചുങ്കത്തുനിന്ന് പൊന്നാനി ചമ്രവട്ടം ജങ്ഷന്‍ വഴിയോ പെരുമ്പറമ്പ് നരിപ്പറമ്പ് വഴിയോ ചമ്രവട്ടം പാലത്തിലെത്താം. ചമ്രവട്ടം പാലം കടന്നശേഷം വാഹനങ്ങള്‍ക്ക് തിരൂര്‍-താനൂര്‍-പരപ്പനങ്ങാടി വഴി ചേളാരിയിലോ തിരൂര്‍ വഴി എടരിക്കോടോ, തിരുനാവായ വഴി പുത്തനത്താണിയിലോ എത്താം.
പട്ടാമ്പിപാലം: പെരുമ്പിലാവ്-കൂറ്റനാട് വഴി പട്ടാമ്പി പാലംകടന്ന് കൊപ്പംവഴി വളാഞ്ചേരിയിലെത്താം.
വെള്ളിയാങ്കല്ല് പാലം: പെരുമ്പിലാവ്-കുറ്റനാട്-തൃത്താല വഴി വെള്ളിയാങ്കല്ല് പാലംകടന്നശേഷം പള്ളിപ്പുറം-തിരുവേഗപ്പുറവഴി വളാഞ്ചേരിയിലെത്താം.
Discussion about this post