തിരുവനന്തപുരം: നിയമസഭയിൽ മന്ത്രി കെടി ജലീലും പ്രതിപക്ഷത്തെ കെഎം ഷാജി എംഎൽഎയും തമ്മിലുള്ള വാക്‌പോരിൽ ഇടപെട്ട് സ്പീക്കർ. എംജി സർവകലാശാല മാർക്കുദാനവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന് മറുപടി നൽകവേയാണ് കെടി ജലീൽ കെഎം ഷാജിക്കെതിരെ വിവാദ പരാമർശം നടത്തിയത്. വിമർശനം ഉയർന്നതോടെ മന്ത്രി ഖേദപ്രകടനവും നടത്തി.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നിയമസഭയുടെ നിലപാട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയതിന് ശേഷമായിരുന്നു ജലീലിന്റെ ഖേദപ്രകടനം. ഷാജി നടത്തുന്നത് കവലപ്രസംഗമാണെന്നും കോളേജിന്റെ പടികയറിയിട്ടില്ലാത്ത ഷാജിക്ക് മാർക്ക് വിവാദത്തിൽ സംസാരിക്കാൻ അർഹതയില്ലെന്നുമായിരുന്നു നേരത്തെ ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി കെടി ജലീൽ പരാമർശം നടത്തിയത്. ഈ പരാമർശത്തിനാണ് മന്ത്രി ഖേദം പ്രകടിപ്പിച്ചതും. കോളേജിൽ പഠിച്ചില്ലെന്നത് ഒരു കുറവല്ലെന്നും ജൈവമനുഷ്യരുടെ ബോധ്യം മണ്ണിൽനിന്നുള്ളതാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെടുകയും മന്ത്രിയെ തിരുത്തുകയുമായിരുന്ന..
അതേസമയം, മന്ത്രി സ്വന്തം സർട്ടിഫിക്കറ്റ് പരിശോധിച്ച് പ്രീഡിഗ്രി പഠിച്ചത് കോളേജിലാണോയെന്ന് ഉറപ്പാക്കണം. മന്ത്രിയുടെ പരാമർശം സഭാ രേഖയിൽനിന്ന് മാറ്റരുതെന്നും തന്റെ വിശദീകരണംകൂടി ഉൾപ്പെടുത്തണമെന്നും ഷാജി ആവശ്യപ്പെട്ടു. ‘പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്ന’ സിനിമാ ഡയലോഗ് പറയാനും ഷാജി ഇതിനിടെ വിട്ടുപോയില്ല.