കോഴിക്കോട്: നവജാതശിശുവിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരിയായ തൃശ്ശൂര്‍ സ്വദേശിനിയെയാണ് പന്നിയങ്കര പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലെ ആശുപത്രിയിലെ പ്രസവത്തിനു ശേഷം കോഴിക്കോട്ടേക്ക് എത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മലപ്പുറം സ്വദേശിയായ സുഹൃത്താണ് നവജാത ശിശുവിന്റെ അച്ഛന്. കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത കെഎഫ്സിയില് ജോലി ചെയ്യുന്നതിനിടെയാണ് യുവതിയും യുവാവും പരിചയത്തിലാവുന്നത്.
കോഴിക്കോട് എത്തിയ ഇവര്‍ യുവാവിന്റെ ബുള്ളറ്റ് ബൈക്കില്‍ വന്നാണ് തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം യുവാവ് ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തു. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
ഗര്‍ഭിണിയായ സമയത്ത് പലതവണ യുവതിയുടെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും വസ്ത്രധാരണത്തിലൂടെയും മറ്റും വീട്ടുകാരെ അറിയിക്കാതെ യുവതി പെരുമാറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കെതിരെ ഐപിസി 317, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്ക് മുന്നില്‍ നാലു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ മദ്രസ കഴിഞ്ഞ് കുട്ടികള്‍ പിരിയുമ്പോള്‍ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. പിന്നീട് എട്ടരയോടെ പള്ളിക്ക് സമീപത്തെ ഇസ്ലാഹിയ സ്കൂളിലേക്ക് ഓട്ടോയിലെത്തിയ പ്രൈമറി ക്ലാസ് വിദ്യാര്‍ഥികളാണ് കുഞ്ഞിനെ കണ്ടത്.
കുഞ്ഞിനെ പൊതിഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു. ‘ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’ എന്നതായിരുന്നു കുറിപ്പ്.
വനിതാ പോലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടര്‍ന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ച് ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Discussion about this post