കോട്ടയം: വ്യാജചികിത്സയുടെ പേരിൽ പരാതി ഉയർന്നതോടെ സർക്കാർ നടപടിയെടുത്ത പാരമ്പര്യ ചികിത്സകൻ മോഹനൻ വൈദ്യർക്ക് പിന്തുണയുമായി രോഗികളുടെ കൂട്ടായ്മ. മോഹനൻ വൈദ്യരുടെ ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നതാണ് കൂട്ടായ്മ പ്രധാനമായും ആവശ്യപ്പെടുന്നത്.
എട്ട് വർഷം മുമ്പ് കാൻസർ ബാധിച്ചു ആർസിസിയിൽ ചികിത്സ തേടിയപ്പോൾ ആറ് മാസം നീണ്ട ചികിത്സ നിർദേശിച്ചു. ആറ് മാസം ചികിത്സിച്ചിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്ന് മോഹനൻ വൈദ്യരുടെ അടുത്തെത്തി. പിന്നീട് അദ്ദേഹത്തിന്റെ ചികിത്സയയ്ക്ക് ശേഷമാണ് അസുഖം സുഖപ്പെട്ടതെന്ന് കുറവിലങ്ങാട് സ്വദേശി ഷൈല അവകാശപ്പെടുന്നു.
സമാന അനുഭവങ്ങളുമായി നിരവധിപേരാണ് മോഹനനൻ വൈദ്യർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഓച്ചിറ ഞക്കനാലുള്ള വൈദ്യശാലയിലാണ് രോഗശാന്തി ലഭിച്ചെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ആളുകൾ മോഹനൻ വൈദ്യർക്ക് പിന്തുണയുമായി എത്തിയത്. മോഹനൻ വൈദ്യരുടെ ആശുപത്രി സംരക്ഷിക്കണമെന്നും ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നുമാണ് ഈ ആളുകളുടെ ആവശ്യം.
അതേസമയം തനിക്കെതിരെ അപവാദപ്രചരണങ്ങൾ നടത്തിയവർക്കെതിരെ നിയമപരമായി നീങ്ങുമെന്നാണ് മോഹനൻ വൈദ്യരുടെ പ്രതികരണം.
Discussion about this post