തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇ ഓട്ടോയായ നീംജി തിങ്കളാഴ്ച നിരത്തിലിറങ്ങി. തിരുവനന്തപുരത്ത് എംഎല്‍എ മാരെ നിയമസഭാ മന്ദിരത്തിലെത്തിച്ചായിരുന്നു ഇ ഓട്ടോയുടെ ആദ്യയാത്ര. 15 ഓട്ടോകളാണ് ആദ്യഘട്ടത്തില്‍ നിരത്തില്‍ ഇറങ്ങിയത്.
സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് ഇലക്ട്രിക് ഓട്ടോ നിര്‍മ്മിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് മാത്രമല്ല ആഗോള തലത്തിലും ഏറെ പ്രധാന്യം നേടുന്ന സാഹചര്യത്തിലാണ് കേരളത്തിലും ഇലക്ട്രിക് ഓട്ടോകള്‍ എത്തുന്നത്.
ഈ വര്‍ഷം ജൂണിലാണ് കെഎഎല്ലിന് ഇ-ഓട്ടോ നിര്‍മ്മിക്കാനുള്ള കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മ്മാണത്തിന്റെ അനുമതി ലഭിക്കുന്നത്. ജൂലായിലായിരുന്നു വാഹനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.
ഈ മാസം 150 നീം-ജി ഓട്ടോകള്‍ നിരത്തിലിറക്കാനാണ് കെഎഎല്‍ തീരുമാനിച്ചിരിക്കുന്നത്. 2.5 ലക്ഷം രൂപയാണ് ഓട്ടോയുടെ വില. 30,000 രൂപ വരെ സബ്സിഡിയും ലഭിക്കും. പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് നിര്‍മ്മിച്ചതാണ് നീം-ജി ഓട്ടോകള്‍.
മൂന്നര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്യാം. വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് രൂപകല്‍പ്പന. യാത്ര ചെലവ് കിലോമീറ്ററിന് 50 പൈസമാത്രമേ ആകുവെന്ന് കെഎഎല്‍ വ്യക്തമാക്കുന്നു. ഈ മാസം 100 ഓട്ടോയും അടുത്ത മാര്‍ച്ചിനകം 1000 ഓട്ടോയും വിപണിയിലെത്തിക്കും.
Discussion about this post