സമഗ്രമായ ഭാഷാ പരിജ്ഞാനം വളര്‍ത്തിയെടുക്കുന്നതിന് ഈ സംരംഭം ഉത്തമ മാതൃക; മലയാളം പള്ളിക്കൂടത്തെ കുറിച്ച് മന്ത്രി എകെ ബാലന്‍

ഞായറാഴ്ച ക്ലാസുകളോടെയാണ് മലയാളം പള്ളിക്കൂടം ആരംഭിച്ചത്.

തിരുവനന്തപുരം: മലയാളം പള്ളിക്കൂടം, സമഗ്രമായ ഭാഷാ പരിജ്ഞാനം വളര്‍ത്തിയെടുക്കുന്നതിന് ഉത്തമ മാതൃകയാണെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 63-ാം കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു. ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് അദ്ദേഹം പങ്കുവെച്ചത്. ഞായറാഴ്ച ക്ലാസുകളോടെയാണ് മലയാളം പള്ളിക്കൂടം ആരംഭിച്ചത്.

ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നതിനും കവികളെയും സാഹിത്യപ്രവര്‍ത്തകരെയും നേരിട്ട് പരിചയപ്പെടുന്നതിനും പഠനയാത്രകള്‍ നടത്തുന്നതിനും നാട്ടറിവുകള്‍ മനസിലാക്കുന്നതിനും കുട്ടികള്‍ക്ക് ഈ പള്ളിക്കൂടത്തിലൂടെ അവസരമൊരുക്കുന്നുവെന്ന് മന്ത്രി കുറിച്ചു. ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം രചിക്കപ്പെട്ട തസ്രാക്കിലേക്ക് മലയാളം പള്ളിക്കൂടത്തിലെ കുട്ടികളെ കൊണ്ടുപോകുന്നതിന് ഇടപെടാന്‍ കഴിഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുകയാണെന്നും അദ്ദേഹം കുറിച്ചു.

നമ്മുടെ മാതൃഭാഷയെ സംരക്ഷിച്ചുനിര്‍ത്താന്‍ മലയാളം പള്ളിക്കൂടം നടത്തുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളും ഏറെ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തിലെ 44 പ്രതിമകളുടെ ചരിത്രമെഴുതിയ പുസ്തകത്തിന്റെ പ്രകാശനവും നിര്‍വഹിക്കാനായതായി മന്ത്രി പറയുന്നു. മഞ്ഞള്‍, ഗ്രാമ്പു, ഏലയ്ക്ക തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ നല്‍കിയാണ് കുട്ടികള്‍ മന്ത്രിയെ സ്വീകരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 63-ാം കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുത്തു. മലയാളഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപമെടുത്ത മലയാളം പള്ളിക്കൂടം, ഞായറാഴ്ച ക്ലാസുകളോടെയാണ് ആരംഭിച്ചത്. സമഗ്രമായ ഭാഷാ പരിജ്ഞാനം വളര്‍ത്തിയെടുക്കുന്നതിന് ഈ സംരംഭം ഉത്തമ മാതൃകയാണ്. ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചറിയുന്നതിനും കവികളെയും സാഹിത്യപ്രവര്‍ത്തകരെയും നേരിട്ട് പരിചയപ്പെടുന്നതിനും പഠനയാത്രകള്‍ നടത്തുന്നതിനും നാട്ടറിവുകള്‍ മനസ്സിലാക്കുന്നതിനും കുട്ടികള്‍ക്ക് ഈ പള്ളിക്കൂടത്തിലൂടെ അവസരമൊരുക്കുന്നു. ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം രചിക്കപ്പെട്ട തസ്രാക്കിലേക്ക് മലയാളം പള്ളിക്കൂടത്തിലെ കുട്ടികളെ കൊണ്ടുപോകുന്നതിന് ഇടപെടാന്‍ കഴിഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുകയാണ്.

നമ്മുടെ മാതൃഭാഷയെ സംരക്ഷിച്ചുനിര്‍ത്താന്‍ മലയാളം പള്ളിക്കൂടം നടത്തുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളും ഏറെ അഭിനന്ദനാര്‍ഹമാണ്. മഞ്ഞള്‍, ഗ്രാമ്പു, ഏലയ്ക്ക തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ നല്‍കിയാണ് കുട്ടികള്‍ സ്വീകരിച്ചത്. കുട്ടികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തിലെ 44 പ്രതിമകളുടെ ചരിത്രമെഴുതിയ പുസ്തകത്തിന്റെ പ്രകാശനവും നിര്‍വഹിക്കാനായി. കൃഷിയും ഭാഷയും എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ നൂറോളം കലാശില്പങ്ങളും ഒരുക്കിയിരുന്നു. പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍, കരമന ഹരി, വട്ടപ്പറമ്പില്‍ പീതാംബരന്‍, സുരേഷ് വെള്ളിമംഗലം, ഡോ. ബിജു ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version